
കൊച്ചി: സംസ്ഥാനത്തെ മാലിന്യനീക്കം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ സ്തംഭിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം അടിയന്തരാവശ്യങ്ങൾ തിരഞ്ഞെടുപ്പിന്റെ പേരിൽ തടസ്സപ്പെട്ടാൽ കോടതിയിൽ നിന്ന് ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ബ്രഹ്മപുരം പ്ലാന്റിലെയടക്കം മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയിൽ ഓൺലൈനായി ഹാജരായ തദ്ദേശ ഭരണവകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സൂചിപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
അടിയന്തര ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ നടപ്പാക്കാനാകുമെന്ന് അഡി. ചീഫ് സെക്രട്ടറി വിശദീകരിച്ചു. സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് നിരോധിത ഫ്ലക്സും പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഉപയോഗിക്കുന്നില്ലെന്ന് തദ്ദേശഭരണ വകുപ്പ് ഉറപ്പാക്കണം. റെയിൽവേ ട്രാക്കിലും സമീപത്തെ ചതുപ്പുകളിലും കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യാൻ റെയിൽവേ അടക്കമുള്ള വകുപ്പുകളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് ശാരദ മുരളീധരൻ കോടതിയെ അറിയിച്ചു. ജനങ്ങളും ഇക്കാര്യത്തിൽ ഉത്തരവാദിത്വം കാട്ടണം. ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ കേസിൽ കക്ഷിചേർക്കാൻ കോടതി നിർദ്ദേശിച്ചു.
ബീച്ചുകളിൽ പ്ലാസ്റ്റിക് വ്യാപിക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.
ബ്രഹ്മപുരം നടപടികൾ
പ്രശംസനീയം
ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണനടപടികൾ പ്രശംസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ടു ജഡ്ജിമാരും കഴിഞ്ഞദിവസം പ്ലാന്റ് സന്ദർശിച്ചിരുന്നു. തീപിടിത്തമുണ്ടായാൽ ഫയർ എൻജിനുകൾക്ക് സുഗമമായി നീങ്ങാൻ ബ്രഹ്മപുരത്ത് സൗകര്യമില്ല. ഇതിന് താത്കാലിക പാതകളെങ്കിലും സജ്ജമാക്കണം. മാലിന്യങ്ങൾ ഞെരുക്കിയൊതുക്കുന്ന 13 റെഫ്യൂസ് കോംപാക്ടറുകളും തകരാറിലാണ്. ഇതിൽ 11 എണ്ണം നന്നാക്കിയെടുക്കാമെന്ന് ശാരദ മുരളീധരൻ കോടതിയെ അറിയിച്ചു.