മൂവാറ്റുപുഴ: മൂവാറ്റുപുഴ - കോലഞ്ചേരി റോഡിൽ വാളകം ജംഗ്ഷന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എം തകർത്ത് മോഷണശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ല.

തിങ്കളാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണശ്രമം നടന്നതായി ആദ്യം അറിയുന്നത്. കല്ല് ഉപയോഗിച്ചാണ് മോഷ്ടാവ് എ.ടി.എം തകർത്തത്.

എ.ടി.എമ്മിനുള്ളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ നീക്കം ചെയ്തിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാങ്കിന് സമീപം ക്യാമറ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാങ്കിന്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്. ഷട്ടർ തകർക്കാനുള്ള ശ്രമവും മോഷ്ടാവ് നടത്തി. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എ.ജെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിലെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.