 
കൊച്ചി: ചാലക്കുടിയിലെ മുന്നണി സ്ഥാനാർത്ഥികൾ അങ്കമാലിയും കുന്നത്തുനാടും കേന്ദ്രീകരിച്ചാണ് ഇന്നലെ പ്രചാരണം നടത്തിയത്. റോഡ് ഷോയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനവുമായി പ്രവർത്തകരും പ്രചാരണം കൊഴുപ്പിച്ചു.
രവീന്ദ്രനാഥ് കുന്നത്തുനാട്ടിൽ
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് സുറിയാനി പള്ളി സന്ദർശിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് പ്രചാരണം ആരംഭിച്ചത്. വിവിധ ആരാധനാലയങ്ങൾ, എൻ.എസ്.എസ് കരയോഗം ഓഫീസ്, എന്നിവിടങ്ങൾ സന്ദർശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി ദേവദർശനൻ, കോലഞ്ചേരി ഏരിയ സെക്രട്ടറി സി.കെ വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പര്യടനം. സ്കൂളുകൾ, കോളേജുകൾ, സഹകരണ ബാങ്ക്, തിരുവാണിയൂർ, വിവിധ കമ്പനികൾ എന്നിവിടങ്ങൾ സന്ദർശിച്ചു.
ബെന്നി ബഹനാൻ കാലടിയിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ അങ്കമാലി, കാലടി മേഖലകളിൽ പര്യടനം നടത്തി. കാലടി സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശൃംഗേരിമഠവും മതസ്ഥാപനങ്ങളും സന്ദർശിച്ചു.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അങ്കമാലിയിൽ മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി ബെന്നി ബഹനാൻ, എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പിള്ളി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ എം.എൽ.എ പി.ജെ. ജോയ്, കെ.ടി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
എൻ.ഡി.എ റോഡ് ഷോ
എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്‌ണൻ അങ്കമാലിയിൽ റോഡ് ഷോ നടത്തി പ്രചാരണം കൊഴുപ്പിച്ചു. ടൗണിലൂടെ കടന്നുപോയ റോഡ് ഷോയിൽ നിരവധി പ്രവർത്തകരും അണിനിരന്നു. പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് കോതകുളങ്ങരയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
ട്വന്റി 20 റോഡ് ഷോ
അങ്കമാലി മുനിസിപ്പാലിറ്റിയിലും കറുകുറ്റി, പാറക്കടവ് പഞ്ചായത്തുകളിലുമാണ് ട്വന്റി 20 സ്ഥാനാർത്ഥി ചാർലി പോൾ റോഡ് ഷോ നടത്തിയത്. ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെയും കച്ചവടക്കാരെയും വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ചു. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് ജിബി ഏബ്രഹാം, ജില്ലാ കോ ഓർഡിനേറ്റർമാരായ സന്തോഷ് വർഗീസ്, റോയ് വി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.