fir
കരിങ്ങാംതുരുത്തില്‍ ഉണ്ടായ തീ പിടുത്തതിന് ശേഷം

ആലങ്ങാട്: കരിങ്ങാംതുരുത്തിൽ ഒഴിഞ്ഞപറമ്പിൽ തീപ്പിടിത്തം. തീ സമീപത്തെ വീടുകളിലേക്ക് പടർന്നത് നാട്ടുകാരിൽ ഭീതി സൃഷ്ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് കരിങ്ങാംതുരുത്ത് തത്തപ്പിള്ളി റോഡിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന ചപ്പുചവറിനാണ് തീപിടിച്ചത്. നല്ല ചൂടും കാറ്റുമുണ്ടായതിനാൽ തീ ആളിപ്പടരുകയായിരുന്നു. പറമ്പിലുണ്ടായിരുന്ന മാവ് കത്തുകയും തൊട്ടടുത്തെ ഇല്ലിക്കാടിന് തീപിടിക്കുകയും ചെയ്തതോടെ ജനം പരിഭ്രാന്തിയിലായി. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലേക്കും തീപടർന്നു. പറവൂരിൽ നിന്ന് രണ്ടു ഫയർഫോഴ്സ് യൂണിറ്റും വരാപ്പുഴ പൊലീസും സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തീപടർന്നു പിടിച്ച പുത്തൻവീട്ടിൽ ദാമോദരക്കുറുപ്പിന്റെ വീടിന് കാര്യമായ നാശം സംഭവിച്ചു. വീട്ടിലെ വൈദ്യുതി വയറുകളടക്കം കത്തിനശിച്ചിട്ടുണ്ട്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് എന്നിവരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.