മാലിന്യസംസ്കരണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ സംസ്കരണനടപടികൾ തൃപ്തികരമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരും കോർപ്പറേഷനും അഭിനന്ദനമർഹിക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. പദ്ധതി പ്രദേശത്ത് തീപ്പിടിത്തമുണ്ടാകുമ്പോൾ ഫയർ എൻജിനുകൾക്ക് നീങ്ങാനുള്ള പാതകൾ ഒരുക്കണമെന്ന് ഓൺലൈനായി കോടതിയിൽ ഹാജരായ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനോട് ബെഞ്ച് നിർദ്ദേശിച്ചു.
കൊച്ചി നഗരത്തിൽ ഇന്റർലോക്ക് കട്ടകൾ പാകിയ പല റോഡുകളും റീടാർ ചെയ്തു. ഇങ്ങനെ പൊളിച്ചെടുത്ത കട്ടകൾ ബ്രഹ്മപുരത്ത് പാതയൊരുക്കാൻ ഉപയോഗിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. പമ്പ് ഹൗസിന് സമീപം മറ്റു വാഹനങ്ങൾ അടുപ്പിക്കാനും സൗകര്യമൊരുക്കണം. ബ്രഹ്മപുരത്ത് തള്ളിയിരിക്കുന്ന 686 ടൺ കെട്ടിടമാലിന്യങ്ങൾ എന്തു ചെയ്യാനാകുമെന്ന് ആലോചിക്കമെന്നും കോടതി പറഞ്ഞു. രണ്ടു ജഡ്ജിമാരും കഴിഞ്ഞദിവസം പ്ലാന്റ് സന്ദർശിച്ചിരുന്നു. തീപ്പിടിത്തമുണ്ടാകുമ്പോൾ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ആശങ്ക അമിക്കസ് ക്യൂറി പങ്കുവച്ചിരുന്നു.
യന്ത്രങ്ങൾ നന്നാക്കിയെടുക്കും
മാലിന്യങ്ങൾ ഞെരുക്കിയൊതുക്കുന്ന 13 റെഫ്യൂസ് കോംപാക്ടർ വാഹനങ്ങളും തകരാറിലാണ്. ഇതിൽ 11 എണ്ണം നന്നാക്കിയെടുക്കാമെന്ന് ശാരദ മുരളീധരൻ കോടതിയെ അറിയിച്ചു. ഇതിനായി മെക്കാനിക്കൽ എൻജിനിയറുടെ സേവനം ലഭ്യമാക്കാൻ കോടതി നിർദ്ദേശിച്ചു. യന്ത്രവാഹനങ്ങളിൽ രണ്ടെണ്ണം ഉപയോഗശൂന്യമാണ്. ഇത് നന്നാക്കണമെങ്കിൽ പുതിയ വണ്ടിയുടെ കാശ് വേണ്ടിവരുമെന്നും ശാരദ മുരളീധരൻ അറിയിച്ചു. അമ്പലമുകളിലും ഏലൂരും ഫാക്ട് വളപ്പിൽ കുന്നുകൂടിയ ജിപ്സത്തിന് എന്തെങ്കിലും ഉപയോഗം കണ്ടെത്തേണ്ടതാണ്. ഇത് മല പോലെയായെന്നും കോടതി പരാമർശിച്ചു.
ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 9ന് വീണ്ടും പരിഗണിക്കും.