 
ആലുവ: റെയിൽവേ സ്‌റ്റേഷന് സമീപം നിന്ന് കഴിഞ്ഞ ദിവസം കാറിൽ തട്ടിക്കൊണ്ടുപോയ മൂന്ന് യുവാക്കളുടെ ബന്ധുക്കൾ ഉൾപ്പെടെ ആരും പരാതിയുമായി രംഗത്ത് വരാത്തത് സംഭവത്തിലെ ദുരൂഹതയുടെ ആഴം വർദ്ധിപ്പിക്കുന്നു.
അതേസമയം കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരുടെ അറസ്റ്റ് ആലുവ പൊലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഇന്നോവാ കാർ വാടകയ്ക്ക് എടുത്തു നൽകിയവരാണ് ഇവർ. തട്ടിക്കൊണ്ടുപോയ യുവാക്കളെ സംബന്ധിച്ചോ ഇവരെ തട്ടിക്കൊണ്ടുപോയവരെ കുറിച്ചോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പത്തനംതിട്ട എ.ആർ. ക്യാമ്പ് എസ്.ഐ. സുരേഷ് ബാബുവാണ് കാർ വാടകയ്ക്ക് എടുത്തത്. പത്തനംതിട്ടയിൽ നിന്നെടുത്ത കാർ സുരേഷ്ബാബുവിന്റെ പക്കൽ നിന്നും മുഹമ്മദ് റിയാസ് മുഖേന അൻവറിന്റെ കൈവശമെത്തുകയായിരുന്നു. അൻവറാണ് തട്ടികൊണ്ടു പോകൽ സംഘത്തിന് കാർ വാടകയ്ക്ക് നൽകിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് നിന്ന് മംഗലപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് കണിയാപുരം പുത്തൻകടവിന് സമീപം കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഫോറൻസിക് പരിശോധനകൾക്ക് ശേഷം കാർ ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
പ്രതികളെ ആലുവ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ സംഘം ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും സംഘം അന്വേഷണം നടത്തും.
പിന്നിൽ സാമ്പത്തിക ഇടപാട് ?
ആലുവയിൽ നിന്നും മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്ന് സംശയിക്കുന്നതായി ആലുവ റൂറൽ ജില്ലാ എസ്.പി. ഡോ. വൈഭവ് സക്‌സേന പറഞ്ഞു. മൂന്ന് യുവാക്കളെ തട്ടികൊണ്ടു പോയെന്നാണ് പ്രാഥമിക നിഗമനം. തട്ടികൊണ്ടുപോയവരും ഇരകളും തമ്മിൽ ബന്ധമുണ്ടോയെന്നും മുൻപരിചയമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതികളെയോ വാദികളെയോ കണ്ടെത്തിയാൽ മാത്രമെ വിശദാംശങ്ങൾ ലഭ്യമാകൂ. ആലുവ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും എസ്.പി പറഞ്ഞു.
പരാതിയില്ലാതെ മറ്റൊരു കേസും
കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ഇതേ സ്ഥലത്ത് മറ്റൊരു തട്ടികൊണ്ടുപോകൽ സംഭവം നടന്നെങ്കിലും പരാതി ലഭിക്കാതെ തന്നെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മലപ്പുറം സ്വദേശിയായ മതപണ്ഡിതനെയാണ് കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്. പിന്നീട് കൊല്ലത്ത് നിന്നും ആളെ കണ്ടെത്തിയെങ്കിലും പരാതി നൽകാൻ തയ്യാറായില്ല. മൂന്ന് പേരെ തട്ടികൊണ്ടുപോയ സംഭവവുമായി ആദ്യസംഭവത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.