കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ രക്ഷപെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ മെഡിക്കൽ സംഘം. അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം തിരികെ വരുന്നതിനിടെ വാഹനാപകടത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. അപകടത്തിൽ കുട്ടിയുടെ തലയോട്ടി പിളർന്ന് തലച്ചോറിന്റെ ഒരു ഭാഗം പുറത്തേക്ക് വന്നു. ഗുരുതരമായ രക്തസ്രാവത്തിനു പുറമെ കുട്ടിയുടെ മുറിവിനുള്ളിലേക്ക് മണൽ, ചരൽ, മുടി തുടങ്ങിയവ കയറുകയും ചെയ്തിരുന്നു. നാലു മണിക്കൂർ നീണ്ട ക്രനിയോട്ടമി പ്രൊസീജ്യർ വഴിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

കുട്ടി അതീവഗുരതരാവസ്ഥയിലായിരുന്നെന്നും വളരെ ശ്രദ്ധയോടെ നടത്തിയ ശസ്ത്രക്രിയയും ചികിത്സയുമാണ് ജീവൻ രക്ഷിക്കാൻ കാരണമായതെന്നും ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ്, ന്യൂറോസർജൻ ഡോ. തരുൺ കൃഷ്ണ പറഞ്ഞു.

ഡോ. തരുൺ കൃഷ്ണൻ,​ പ്ലാസ്റ്റിക് സർജൻ ഡോ. ആദിത്യ രംഗരാജൻ, ന്യൂറോ അനസ്തേഷ്യോളജിസ്റ്റ് ഡോ. പ്രശാന്ത് എ. മേനോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.