മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ ആറൂർ മഞ്ഞമാക്കിത്തടം കവലയിൽ ഇന്നലെ പുലർച്ചെ 2ഓടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി രാജീവ് (40) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാജീവ് മാത്രമാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് ചരക്കെടുക്കാൻ പോവുകയായിരുന്ന ലോറി കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റബർതോട്ടത്തിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ ഡിവൈഡറും ഫ്‌ളെക്‌സ് ബോർഡും തകർത്ത് മറിഞ്ഞ ലോറി റബർമരത്തിൽ തടഞ്ഞ് നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തെതുടർന്ന് ലോറിയിൽ കാൽ കുടുങ്ങിയ രാജീവിനെ മൂവാറ്റുപുഴ - കൂത്താട്ടുകുളം ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജീവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ അനീഷ് ടി.പി, അജീഷ് കുമാർ, സിദ്ധിഖ് ഇസ്മയിൽ, അയൂബ്, റെനീഷ്, ഷമീർഖാൻ, നിഷാദ് പി.എ, കെ.കെ. രാജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി.