കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്ത് വെങ്കിട പുലിയിറങ്ങിൽ നടക്കുന്ന മണ്ണെടുപ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ രാവിലെ 5 മണിയോടെ മണ്ണുമായി വന്ന ടോറസ് ലോറികൾ നാട്ടുകാർ തടയുകയായിരുന്നു.
യാതൊരു വിധ പാരിസ്ഥിതിക പഠനവും നടത്താതെ നാഷണൽ ഹൈവെ അതോറിട്ടിക്ക് എന്ന പേരിലാണ് മണ്ണെടുപ്പെന്നാണ് ആക്ഷേപം. ഇത് രണ്ടാം തവണയാണ് നാട്ടുകാരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ നൂറ് കണക്കിന് നാട്ടുകാർ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് തടഞ്ഞിരുന്നു.
പുലിയിറങ്ങിൽ നടന്ന സമരത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി ഐ.വി. ഷാജി, കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശ് , വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസ് സി. മാത്യു, ജിബി ജോസഫ്, എം.എ. അനൂപ് , ബിന്ദു മനോഹരൻ തുടങ്ങിയവർ നേതൃത്വം നല്കി.
കുടിവെള്ളം മുട്ടും
25 ഹെക്ടറിൽ പെടുന്ന മലയിൽ നിന്നും മണ്ണെടുപ്പ് പൂർത്തിയായാൽ സമീപ മേഖലകളിൽ കുടിവെള്ള ക്ഷാമമടക്കം രൂക്ഷമാകും. സമീപ പ്രദേശങ്ങളായ വെങ്കിട , കുറിഞ്ഞി, പരിയാരം ലക്ഷം വീട് കോളനി, കട്ടൻ കവറ് കോളനി, നടുക്കുരിശ് മരങ്ങാട്ടുള്ളിൽ തുടങ്ങിയ മേഖലകളിലെ കിണറുകളിൽ കുടിവെള്ളം വറ്റി തുടങ്ങി.
മറിയുന്നത് കോടികൾ
അനധികൃതമായി സമ്പാദിക്കുന്ന അനുമതിയുടെ മറവിൽ മണ്ണെടുപ്പിലൂടെ മറിയുന്നത് കോടികളാണ്. കെട്ടിട നിർമാണത്തിനായി മണ്ണെടുപ്പ് എന്ന പേരിലാണ് അനുമതി വാങ്ങുന്നത്. എന്നാൽ മണ്ണെടുപ്പ് കഴിയുമ്പോൾ പേരിന് ഒരു കെട്ടിടം പണിത് പഞ്ചായത്ത് നമ്പറും വാങ്ങും. ദേശീയ പാതയ്ക്കെന്ന പേരിൽ മണ്ണെടുപ്പ് നടത്തുകയും വൻ തുകയ്ക്ക് സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി മണ്ണ് മാറ്റി ഉപയോഗിക്കുകയുമാണ്.
രാത്രി കാലങ്ങളിൽ നടക്കുന്ന മണ്ണെടുപ്പ് എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കാറില്ല. ഇതിനേക്കാൾ അപകടമാണ് മണ്ണുമായി പോകുന്ന ടോറസുകൾ ഉണ്ടാക്കുന്നത്. അന്യ സംസ്ഥാനക്കാരായ ഡ്രൈവർമാരാണ് ടോറസുകൾ നിയന്ത്രിക്കുന്നത്. ഇവരുണ്ടാക്കുന്ന അപകടങ്ങൾ നിരവധിയാണ്.
നാട്ടുകാർ