കൊച്ചി: ഏകീകൃത കുർബാന ആവശ്യവുമായി സിറോ മലബാർ സഭ വിശ്വാസികൾ 23ന് നാലിന് അങ്കമാലിയിൽ റാലിയും സമ്മേളനവും നടത്തും. മുനിസിപ്പൽ പഴയ ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് വിശ്വാസമഹാസംഗമം. അങ്കമാലി, മൂഴിക്കുളം, മഞ്ഞപ്ര, കാഞ്ഞൂർ, കൊരട്ടി, വല്ലം, കറുകുറ്റി, മൂക്കന്നൂർ എന്നീ ഫൊറോനകളിലെ വിശ്വാസികൾ പങ്കെടുക്കും.
വലിയ നോമ്പിൽ തന്നെ മേജർ അതിരൂപതയിൽ ഏകികരണ ബലിയർപ്പണം സാദ്ധ്യമാക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് ഒപ്പുവച്ച ഇടയലേഖനം പള്ളികളിൽ വായിക്കാത്ത വൈദികർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സഭാ അനൂകൂല വിശ്വാസ കൂട്ടായ്മ
കോഓർഡിനേഷൻ ഭാരവാഹികളായ ഡോ. എം. പി. ജോർജ്, പോൾ ചെതലൻ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
സഭ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ പള്ളി വിശുദ്ധ വാരത്തിന് മുമ്പ് ഏകീകൃതബലിക്കായി തുറക്കണം. മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും തീർത്ഥാടകർക്ക് ഏകീകൃതബലി അർപ്പണത്തിന് സൗകര്യമൊരുക്കണം. വിമത വൈദികർക്കെതിരെ നടപടിയെടുക്കാത്ത അതിരൂപത അപ്പ്‌സ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററും അതിരൂപത കൂരിയയും രാജി​വയ്ക്കണമെന്നും ആവശ്യപ്പെട്ടു.