ആലുവ: ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.
കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കോക്കടൻസ് എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച്ച വൈകിട്ടാണ് സംഭവം. കണ്ണമാലി പള്ളി പെരുന്നാളിന് പങ്കെടുക്കാൻ കോതമംഗലം നെല്ലിമറ്റം സ്വദേശി തോമസിനൊപ്പമാണ് ഭാര്യ എൽസി യാത്ര പുറപ്പെട്ടത്. ബസ് ചെമ്പറക്കിയിൽ എത്തിയപ്പോഴാണ് എൽസിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. കണ്ടക്ടർ അനൂപ് വിവരം അറിയിച്ചതിനെ തുടർന്നു ഡ്രൈവർ ബേസിൽ ബസ് നേരെ രാജഗിരി ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും മിനിട്ടുകൾക്കകം രോഗിയുമായി ബസ് ആശുപത്രിയിലെത്തി. ചെമ്പറക്കി മുതൽ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റാതെ സമയം ലാഭിക്കാനും ബസ് ജീവനക്കാർ ശ്രദ്ധിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും എൽസിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എൽസി സുഖം പ്രാപിച്ച് വരുന്നതായി രാജഗിരി ആശുപത്രി ന്യൂറോളജി വിഭാഗത്തിലെ ഡോ. ശ്രീറാം പ്രസാദ് പറഞ്ഞു.