കൊച്ചി: റെഡ് ലൈറ്റ് ലംഘിക്കുന്നവരെ പിടികൂടുന്ന നവീന ക്യാമറകളടക്കം നഗരത്തിൽ സ്ഥാപിച്ചിട്ടും നിരത്തുകളിൽ നിയമലംഘനങ്ങൾക്ക് തെല്ലും കുറവില്ല. ഗതാഗത നിയമലംഘനങ്ങൾക്ക് തടയിടാൻ ഒരുക്കിയ ഓട്ടോമാറ്റിക് സംവിധാനങ്ങളെല്ലാം നോക്കുകുത്തിയാകുകയാണ്.
കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറിയത്. നിയമലംഘനങ്ങൾ കുറവില്ലാതെ തുടരുമ്പോൾ നടപടി സ്വീകരിക്കാൻ ഓട്ടോമാറ്റിക് സംവിധാനത്തിന് കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മ.
നവീന ക്യാമറകളുടെ നിയന്ത്രണം ട്രാഫിക് പൊലീസിന് കൈമാറിയിട്ടില്ല. ഇതിനാൽ നടപടി എടുക്കാൻ കഴിയുന്നില്ലെന്ന് ട്രാഫിക് പൊലീസ് പറയുന്നു.
നിരത്തിൽ പണികിട്ടും
ചൂട് കനത്തതോടെ സിഗ്നലിൽ അകപ്പെടുന്ന ഇരുചക്രവാഹനങ്ങളാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
കാൽനടയാത്രക്കാർക്ക് റോഡ് കുറുകെ കടക്കാൻ സ്ഥാപിച്ച പെലിക്കൺ സിഗ്‌നലുകളുകൾ മാത്രമാണ് കൃത്യമായി പ്രവർത്തിക്കുന്നത്. തിരക്കേറിയ ഷൺമുഖം റോഡ്, മേനക ജംഗ്ഷൻ, കലൂർ പള്ളി സ്റ്റോപ്പ്, ഇടപ്പള്ളി പള്ളി സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് പെലിക്കൺ സിഗ്‌നലുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകം സംവിധാനം ചെയ്ത സ്വിച്ചിലൂടെ കാൽനട യാത്രക്കാർക്കു തന്നെ ട്രാഫിക് നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
പദ്ധതി
ടെക്‌നോളജി ബേയ്‌സ്ഡ് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്) ആണ് പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ ഒരുക്കിയത്. എന്നാൽ ഇവയിൽ ഒന്നുംതന്നേ ഇന്ന് പ്രവർത്തിക്കുന്നില്ല.
നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്ടിവേറ്റഡ് സിഗ്നലുകളായിരുന്നു പദ്ധതിയുടെ പ്രധാന ആകർഷണം. വാഹനങ്ങൾ ഉള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകുന്നതായിരുന്നു. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കുന്ന ഈ സംവിധാനം നിലവിൽ പരാജയമാണ്.
സംവിധാനങ്ങൾ
വെഹിക്കിൾ ആക്ടിവേറ്റഡ് സിഗ്നലുകൾ, പെലിക്കൺ സിഗ്നൽ
മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്‌മെന്റ്
നിരീക്ഷണ ക്യാമറകൾ
ചുവപ്പ് ലൈറ്റ് ലംഘനം നടത്തുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം
നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗത പ്രശ്‌നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ