ആലുവ: ആലുവ മണപ്പുറം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം പടഹാദി കൊടിയേറ്റോടെ തുടങ്ങി. 24ന് ഉത്രവിളക്ക് മഹോത്സവത്തോടെ സമാപിക്കും. ഇന്നലെ പ്രത്യേക പൂജകൾക്ക് പുറമെ സംഗീതാർച്ചന, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ എന്നിവ നടന്നു.

ഇന്നും പ്രത്യേക പൂജകളും വൈകിട്ട് നൃത്താഞ്ജലികൾ, ചാക്യാർക്കൂത്ത് എന്നിവയും നടക്കും. നാളെ വൈകിട്ട് സംഗീതകച്ചേരി, നൃത്തസന്ധ്യ. 22ന് വൈകിട്ട് ഗോകുലസന്ധ്യ, കഥകളി. 23ന് വൈകിട്ട് കോമഡിചാക്യാരും നാടൻപാട്ടും, ശിവാനന്ദലഹരി, തിരുവാതിരകളി. 24ന് ബാലെ, ഉത്രവിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും.

ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എൻ. അജിത്ത് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് വി.കെ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ഐ.ബി. രഘുനാഥ്, വൈസ് പ്രസിഡന്റ് ശ്യാം പത്മനാഭൻ എന്നിവർ നേതൃത്വം നൽകും.