പെരുമ്പാവൂർ: സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റെ വല്ലത്തെ വിതരണകേന്ദ്രം പൂട്ടിയത് പരമ്പരാഗത ഈറ്റത്തൊഴിലാളികളെ വലയ്ക്കുന്നു.
അങ്കമാലി ചെമ്പന്നൂരെ ബാംബൂ കോപ്പറേഷൻ കേന്ദ്രത്തിൽ നിന്ന് ഈറ്റ കൊണ്ടുവരാൻ വലിയ തുക ചെലവിടേണ്ടിവരുന്നതാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്.
വല്ലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈറ്റവിതരണകേന്ദ്രം പൂട്ടിയിട്ട് ഒന്നരവർഷത്തിലേറെയായി. വല്ലം കേന്ദ്രത്തിൽ നിന്നാണ്
ഒക്കൽ, കൂടാലപ്പാട്, ആലാട്ട് ചിറ, വേങ്ങൂർ, വട്ടക്കാട്ടുപടി, ചെമ്പറക്കി, വാഴക്കുളം, വാരിക്കാട്, കാഞ്ഞിരക്കാട്, കിഴക്കമ്പലം, കോലഞ്ചേരി, ഐരാപുരം, പട്ടിപ്പാറ, മാറമ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ഈറ്ര കൊണ്ടുവന്നിരുന്നത്. നിലവിൽ ഒരുകെട്ട് ഈറ്റയ്ക്ക് 350 രൂപയാണ് വില. എന്നാൽ ഇത് വീടുകളിൽ എത്തിക്കണമെങ്കിൽ 300 മുതൽ 500 രൂപവരെ ലോറിവാടക നൽകേണ്ട സ്ഥിതിയാണ്.
ഒരുകെട്ട് ഈറ്റയ്ക്ക് വില- ₹ 350
ചരക്ക് കൂലി -₹ 300- ₹ 500
ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കുന്നില്ല
കുട്ട, മുറം, തൊട്ടി, കൂട, കോരുകുട്ട മുതലായ സാധനങ്ങളാണ് ഈറ്റകൊണ്ട് പ്രധാനമായും നിർമ്മിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് ഒരുകെട്ട് ഈറ്റയ്ക്ക് 80 രൂപയാണ് ഈടാക്കിയിരുന്നത്. നിലവിൽ അത് 350 രൂപയിലെത്തി. എന്നാൽ ഉത്പന്നങ്ങൾക്ക് കാലാനുസൃതമായ വില ലഭിക്കുന്നില്ല. ഈ മേഖലയിൽ ആയിരത്തോളം തൊഴിലാളികളുണ്ട്. ഒരു ദിവസം 300 രൂപയിൽ താഴെ മാത്രമേ ഇവർക്ക് ലഭിക്കുന്നുള്ളൂ.
പരമ്പരാഗത തൊഴിലാളികളുടെ പ്രശ്നങ്ങൾ സംസ്ഥാനസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. വല്ലത്തെ ഈറ്റ വിതരണകേന്ദ്രം പുനഃസ്ഥാപിക്കുകയോ പെരുമ്പാവൂരിൽ പുതിയ വിതരണകേന്ദ്രം ആരംഭിക്കുകയോ ചെയ്യണം
ബി.ജെ.പി പെരുമ്പാവൂർ
മണ്ഡലം കമ്മിറ്റി