കൊച്ചി: നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഓട്ടപ്രദക്ഷിണത്തിലായിരുന്നു ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് കൈപ്പമംഗലം മേഖലയിലും യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ചാലക്കുടി മേഖലയിലുമാണ് പര്യടനം നടത്തിയത്.
എടത്തുരുത്തി പെരിഞ്ഞനം, കൈപ്പമംഗലം, മതിലകം, എസ്.എൻ. പുരം, എടവിലങ്ങ് പഞ്ചായത്തുകളിലായിരുന്നു പ്രൊഫ.സി. രവീന്ദ്രനാഥിനന്റെ പ്രചാരണം. കൈപ്പമംഗലം ക്ഷേമോദയം എൽ.പി സ്‌കൂൾ ഉൾപ്പെടെ 25 ഓളം വിദ്യാലയങ്ങളും കൈപ്പമംഗലം ഉസ്താദിൻ അറബി കോളേജും സന്ദർശിച്ചു.
ഇ.ടി. ടൈസൻ എം.എൽ.എ, സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം പി.എം. മുഹമ്മദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി അംഗം ജോജി പ്രകാശ്, എടത്തുരുത്തി ലോക്കൽ സെക്രട്ടറി എ.വി. സതീശൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ മഞ്ജുള അരുണൻ, എടത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.
കാലടി കൈപ്പട്ടൂരിലെ പള്ളിമുറ്റത്ത് കുട്ടികളുമൊത്ത് ഫുട്‍ബാൾ കളിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പര്യടനം തുടങ്ങിയത്. ചാലക്കുടി, കൊടകര, കൊരട്ടി, കാടുകുറ്റി പ്രദേശങ്ങളിൽ സ്‌കൂളുകളും മതസ്ഥാപനങ്ങളും സന്ദർശിച്ചു. കൊരട്ടി ജുമാ മസ്‌ജിദ് ചാലക്കുടി എം.എൽ.എ സനീഷ്‌കുമാർ ജോസഫിനൊപ്പം സന്ദർശിച്ചു. മംഗലശേരി സെന്റ് സ്ളാവോസ് എൽ.പി സ്‌കൂൾ, കൊരട്ടി സോപ്പ് നിർമ്മാണ കമ്പനിയിലുമെത്തി.
ചാലക്കുടി ലത്തീൻ, കാടുകുറ്റി, സാമ്പാളൂർ, മരുങ്ങൂർ എന്നിവിടങ്ങളിലെ ഊട്ടു നേർച്ചയിലും പങ്കെടുത്തു. കാടുകുറ്റി വടക്കേടത്ത് ക്ഷേത്രം, കൊടകര സഹൃദയ കോളേജ് എന്നിവിടങ്ങളും സന്ദർശിച്ചു.