notice

ആലുവ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽമീഡിയയിൽ കൗതുകമുയർത്തി വൈറലാകുകയാണൊരു 72 വർഷം മുമ്പുള്ളൊരു തിരഞ്ഞെടുപ്പ് നോട്ടീസ്. 1952 ൽ നടന്ന ആദ്യ പാർലമെന്റിലേക്കും മദിരാശി അസംബ്ളിയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രജാപാർട്ടി സ്ഥാനാർത്ഥികളായി മത്സരിച്ചവർ സംയുക്തമായി തയ്യാറാക്കിയതാണീ വോട്ടഭ്യർത്ഥനാ നോട്ടീസ്.

1952 ജനുവരി 16ന് നടന്ന തിരഞ്ഞെടുപ്പിൽ മദിരാശി അസംബ്ളി സ്ഥാനാർത്ഥിയായ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിനും പാർലമെന്റ് സ്ഥാനാർത്ഥിയായ നിട്ടൂർ പി. ദാമോദരനും 'കുടിൽ' അടയാളത്തിൽ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് നോട്ടീസ്.

വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷൻ പൂരിപ്പിച്ച് നൽകുന്നതിനും അഭ്യർത്ഥനയിൽ സൗകര്യമുണ്ട്. കോഴിക്കോട് രാമകൃഷ്ണ അച്ചുകൂട്ടത്തിൽ അച്ചടിച്ച നോട്ടീസ് നടുവണ്ണൂരിൽ നിന്ന് 1951 ഡിസംബർ 20 നാണ് പുറത്തിറക്കിയിട്ടുള്ളത്.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 1951 ഒക്ടോബർ 25നും 1952 ഫെബ്രുവരി 21നും ഇടയിലാണ് ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തി.

എല്ലാ ഗ്രൂപ്പുകളിലേക്കും 1952ലെ തിരഞ്ഞെടുപ്പ് നോട്ടീസ് പറക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് മൺമറഞ്ഞ പി. ദാമോദരനും കുഞ്ഞിരാമനും ഇപ്പോഴും 'ജീവിക്കു'കയാണ്.