photo
അനധികൃത മത്സ്യകൃഷി ലൈസൻസുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണ

വൈപ്പിൻ: തരിശിട്ട പൊക്കാളി പാടങ്ങളിൽ മത്സ്യക്കൃഷിക്ക് ലൈസൻസ് അനുവദിക്കരുതെന്ന സർക്കാർ പ്രഖ്യാപനം ലംഘിച്ച് അനധികൃതമായി നൽകിയ ചെമ്മീൻ വാറ്റ് , മത്സ്യ കൃഷി അക്വാകൾച്ചർ ലൈസൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം പൊക്കാളി പാടശേഖര സംരക്ഷണ സമിതി എറണാകുളം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തി. ചട്ടങ്ങൾ മറികടന്ന് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും, ആഴം വർദ്ധിപ്പിച്ച് പാടങ്ങൾ പൊക്കാളിക്കൃഷിക്ക് യോഗ്യമല്ലാതാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകൻ പി. എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ കെ. ജെ. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പി. എൻ. നിഷാദ്, പി. ആർ. സിറിൾരാജ് തുടങ്ങിയവർ പങ്കെടുത്തു.