ആലുവ: റെയിൽവെ സ്റ്റേഷന് സമീപ നിന്നും മൂന്ന് യുവാക്കളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘം ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് എത്തിയ അന്വേഷണ സംഘമാണ് തട്ടികൊണ്ടു പോയ വാഹനം കൈമാറ്റം നടത്തിയവരിൽ ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ആലുവയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

റൂറൽ എസ്.പി. ഡോ.വൈഭവ് സക്‌സേന രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് അന്വേഷിക്കുന്നത്. കൊല്ലം, പത്തനംത്തിട്ട ജില്ലകളിലും അന്വേഷണം നടത്തും. അതേസമയം തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ടവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്. പരാതിക്കാരില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തുന്നത്.

ചുരുളഴി​യാതെ ദുരൂഹത

തട്ടികൊണ്ടുപോയവരുടെ വീട്ടുകാർ പോലും മൂന്ന് ദിവസമായിട്ടും പൊലീസിനെ സമീപിച്ചിട്ടില്ലെന്നതാണ് ദുരൂഹത ഉയരാൻ കാരണം.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 7.10നാണ് ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വെച്ച് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. സ്വർണ്ണ ഇടപാടാണ് തട്ടികൊണ്ട് പോകലിന് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവാക്കളും ഇവരെ തട്ടികൊണ്ടു പോയവരും പിന്നീട് ധാരണയിലെത്തുകയും ഒരുമിച്ച് ഒളിവിൽ പോയിരിക്കുകയുമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നോവ കാർ വാടയ്ക്ക് എടുത്ത കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരെ കഴിഞ്ഞ ദിവസം ആലുവ കോടതി റിമാൻഡ് ചെയ്തിരുന്നു.