കൊച്ചി: പ്രസിദ്ധമായ കണ്ണമാലി പള്ളിയിലെ നേർച്ചസദ്യയിലും കുർബാനയിലും പങ്കെടുത്താണ് ഇന്നലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിറങ്ങിയത്. രാവിലെ ഭാര്യ അന്നയുമൊത്താണ് ഹൈബി കുർബാനയിൽ പങ്കെടുക്കുന്നതിനായി കണ്ണമാലി പള്ളിയിലെത്തിയത്.
നേർച്ചസദ്യയും കഴിച്ച് മടങ്ങവേ തോപ്പുംപടി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിലെ അമ്മയുടെ കല്ലറയിലെത്തി. നഗരത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന നേർച്ച സദ്യയിലും പങ്കെടുത്തു.
ഷൈനി കണ്ണമാലിയിലും കുമ്പളങ്ങിയിലും
കൊച്ചി എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ ഷൈന് ഇന്നലെ കണ്ണമാലിയിലും കുമ്പളങ്ങിയിലും പര്യടനം നടത്തി.
രാവിലെ കണ്ണമാലിയിൽ നിന്നാരംഭിച്ച പര്യടനത്തിനിടെ കണ്ണമാലി പള്ളിയിലെത്തി കുർബാനയിൽ പങ്കെടുത്തു. നേർച്ചസദ്യയും കഴിച്ചു.
കണ്ണമാലി സെന്റ് ജോസഫ് ഹോസ്പിറ്റലിലെത്തി അമ്മമാരെയും കുഞ്ഞുങ്ങളെയും കണ്ടു.
മുണ്ടംവേലി സെന്റ് ലൂയിസ് ചർച്ചിലും ചിറക്കൽ സെന്റ് ജോസഫ് ചർച്ചിലും മാനശ്ശേരി സെന്റ് മിഖായേൽ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ചു. കുമ്പളങ്ങിയിലെ വിവിധ ദേവാലയങ്ങളും സന്ദർശിച്ചു. കെ. ജെ മാക്സി എം.എൽ.എ., കൊച്ചി ഏരിയാ സെക്രട്ടറി റിയാദ്, ജില്ലാ കമ്മിറ്റി അംഗം ടി.വി അനിത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഇന്ന് ഷൈനിക്ക് പൊതുപരിപാടികളില്ല.