kotah
കോതമംഗലം

കോതമംഗലം: വന്യമൃഗങ്ങൾ കൊലവിളിയുമായി കാടി​റങ്ങുമ്പോൾ കൃഷിയിടവും വീടും ഉപേക്ഷിച്ച് ഓടുന്ന കർഷകരുടെ പ്രശ്നം തന്നെയാണ് കോതമംഗലത്തി​ന്റെ തി​രഞ്ഞെടുപ്പ് പ്രശ്നം.

ജില്ലയിലെ കോതമംഗലം, മുവാറ്റുപുഴ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല , തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമ സഭാമണ്ഡലങ്ങൾ ഉപ്പെടുന്നതാണ് ഇടുക്കിലോക്‌സഭാ മണ്ഡലം.

മണ്ഡലത്തിന്റെ ബഹുഭൂരിപക്ഷം മേഖലകളും വനത്തോട് ചേർന്നാണ് കിടക്കുന്നത്. താമസക്കാർ ഏറെയും കർഷകരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും. കഴിഞ്ഞ കുറെ നാളുകളായി കാട്ടാനയും, കാട്ടുപന്നിയും, മ്ലാവും, കേഴയും, കുരങ്ങും, മലയണ്ണാനും കൃഷിയിടങ്ങളിലേക്കിറങ്ങി കൃഷിയും വാസസ്ഥലങ്ങളും നശിപ്പിക്കുകയാണ്. മാമലക്കണ്ടത്ത് നളിനി, നേര്യ മംഗലം കാഞ്ഞരവേലിയിൽ ഇന്ദിര എന്നിവരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിട്ട് ഏറെനാളായില്ല.

കഴിഞ്ഞ ദിവസം രോഗിയുമായി വന്ന ഓട്ടോറിക്ഷയിലേക്ക് മ്ലാവ് വന്നിടിച്ച് ഓട്ടോഡ്രൈവർ വിജിൽ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം സ്കൂട്ടറിലേക്ക് കേഴവന്നിടിച്ച് കെ എസ് ആർ ടി സി ജീവനക്കാരൻ ബേസിൽ വർഗീസിന് പരിക്കേറ്റിരുന്നു.

കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ വലിയ വികസനക്കുതിപ്പാണ് നടന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. അവകാശപ്പെടുന്നു. കൊച്ചി - ധനുഷ് കോടി ദേശീയപാത പുനരുദ്ധാരണമാണ് യു.ഡി.എഫ് ഉയർത്തിക്കാണിക്കുന്ന പ്രധാന പദ്ധതി. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തിയ പാലങ്ങളുടെയും റോഡുകളുടെയും കണക്കു നിരത്തി ഫ്ലക്സ്ബോർഡുകൾ മണ്ഡലത്തിൽ നിറഞ്ഞിരിക്കുകയാണ്. കുട്ടമ്പുഴ പൂയം കുട്ടി ബ്ലാവന പാലം, ഒറ്റമഴയിൽ മുങ്ങുന്ന മണികണ്ടംചാൽ ചപ്പാത്ത് ഇവയുടെ നിർമ്മാണം കാലങ്ങളായി നാട്ടുകാരുടെ ആവശ്യമാണ് ഇവയും എങ്ങുമെത്താതെ നിൽക്കുന്നു.

പെരിയാറിനോട് ചേർന്ന് കിടക്കുന്ന പഞ്ചായത്തുകളിൽ പോലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുളങ്ങളും കിണറുകളും വറ്റി വരളുന്നതോടെ വാട്ടർ അതോറിട്ടി​യുടെ കുടിവെള്ള വിതരണമാണ് ജനങ്ങൾക്ക് ആശ്വാസമായിരുന്നത്. അതും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം.

പ്രതീക്ഷയായി​ ആലുവ - മൂന്നാർ റോഡ് വി​കസനം

മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ആശ്രയിക്കുന്ന റോഡായ ആലുവ - മൂന്നാർ പാതയുടെ കോതമംഗലം വരെയുള്ള ഭാഗം സംസ്ഥാന പാതയാണെങ്കി​ലും 35.26 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് നാല് വരി​യായി​ വീതി​ കൂട്ടി​ വി​കസി​പ്പി​ക്കുന്ന പദ്ധതി​ക്ക് ഭൂമി​ ഏറ്റെടുക്കൽ നടക്കുകയാണ്. കി​ഫ്ബി​ ഫണ്ട് ഉപയോഗി​ച്ച് നടത്തുന്ന പദ്ധതി​ എത്രയും വേഗം പൂർത്തി​യാക്കി​യാൽ കോതമംഗലത്തെെ ഗതാഗത പ്രശ്നങ്ങൾക്ക് ഏതാണ്ട് പരി​ഹാരമാകും.