കൊച്ചി: ഗൾഫിലേക്ക് യാത്രക്കപ്പൽ എന്ന പ്രവാസികളുടെ ആഗ്രഹം യാഥാർത്ഥ്യത്തോട് അടുക്കുന്നു. സർവീസ് നടത്തിപ്പിന് താത്പര്യം പ്രകടിപ്പിച്ച അമ്പതോളം സംരംഭകരുമായുള്ള യോഗം 27ന് രാവിലെ 11ന് കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ മറൈൻ മർക്കന്റൈൽ ക്ളബിൽ നടക്കും. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
കേരള മാരിടൈം ബോർഡ് ഗൾഫ് സർവീസിനായി താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇന്ത്യൻ, വിദേശ മലയാളി സംരംഭകരിൽ നിന്ന് അന്വേഷണങ്ങൾ എത്തുന്നുണ്ട്. ഏപ്രിൽ 22ന് താത്പര്യപത്രങ്ങൾ തിരഞ്ഞെടുക്കും.
തിരക്കേറുന്ന സീസണുകളിൽ വിമാനടിക്കറ്റിന് 50,000 രൂപ വരെ ഈടാക്കുന്നത് താങ്ങാനാവാത്ത പ്രവാസികൾക്കും ആഡംബരയാത്ര ആഗ്രഹിക്കുന്നവർക്കും കപ്പൽയാത്ര ചെയ്യാം.
പ്രീമിയം യാത്രികർക്കായി വിനോദ, ഉന്നത ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ സജ്ജമാക്കും.
ഓർഡിനറി യാത്രയ്ക്ക് 10,000 രൂപയോളം മതിയാകും. സൗജന്യമായി കൂടുതൽ ലഗേജുകളും കൊണ്ടുവരാനാകും. ആഡംബര യാത്രികർക്ക് പല തട്ടുകളിലാകും നിരക്ക്.
വൻകിട ക്രൂസ് കപ്പലുകൾക്ക് കൊച്ചി തുറമുഖത്ത് മാത്രമേ ബെർത്ത് ചെയ്യാനാവൂ. വിഴിഞ്ഞം പ്രവർത്തനസജ്ജമായാൽ അവിടെയും എത്താം.
കൊച്ചി - ദുബായ്
പ്രതീക്ഷിക്കുന്ന യാത്രാനിരക്ക് : 10,000 രൂപ
ദൂരം : 4,000 കിലോമീറ്റർ
യാത്രാസമയം : മൂന്നുദിവസത്തോളം
ബാഗേജ് സൗജന്യം : 200 കിലോ
പരിഗണിക്കുന്ന മൂന്നുതരം കപ്പലുകൾ
• 2500ൽ അധികം യാത്രികർ
• 800- 2500 യാത്രികർ
• 800ൽ താഴെ യാത്രികർ
• തുറമുഖങ്ങൾ
കൊച്ചി
വിഴിഞ്ഞം
ബേപ്പൂർ
അഴീക്കൽ
കൊല്ലം