
പെരുമ്പാവൂർ: മെട്രോറെയിൽ പെരുമ്പാവൂർ വരെ യാഥാർത്ഥ്യമാക്കാൻ എം.പിക്ക് എന്തുചെയ്യുവാൻ കഴിയുമെന്നാണ് പെരുമ്പാവൂരുകാർ ചിന്തിക്കുന്നത്. പെരുമ്പാവൂരു നിന്ന് നിവരധി പേരാണ് ജോലിക്കായും പഠിക്കുവാനും മറ്റുമായി എറണാകുളത്തേക്കും തൃപ്പൂണിത്തറയിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നത്.
വേണം ഫ്ളൈ ഓവർ
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് പെരുമ്പാവൂർ പട്ടണം. എം.സി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വല്ലംകവലയിൽനിന്ന് വട്ടയ്ക്കാട്ടുപടിവരെ ഫ്ളൈഓവർ സ്ഥാപിക്കണം. വല്ലം കവലയിൽ നിന്ന് കാരാട്ടുപള്ളിക്കരവഴി പട്ടാലിൽ എത്തുന്നതിന് ഔട്ടർ റിംഗ്റോഡുകളും സ്ഥാപിക്കണം.
പ്രസാദ് പദ്ധതി
ആദിശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ ദേശീയ തീർത്ഥാടനകേന്ദ്രമായ കാലടി, അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പള്ളി. ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോടനാട് ആന പരിശീലനകേന്ദ്രം, അഭയാരണ്യം പാണിയേലിപ്പോര് എന്നിവ കോർത്തിണക്കിക്കൊണ്ട് പ്രസാദ് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിക്കുകയും പ്രാരംഭ നടപടിക്രമങ്ങൾ ഏതാണ്ടൊക്കെ പൂർത്തീകരിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും പൂർണതയിലെത്തിക്കാനായിട്ടില്ല.
വേണം സോളാർ ഫെൻസിംഗ്
കോടനാട് പാണിയേലി മേഖലയിലെ കാട്ടാനകളുടെ ശല്യം ഒഴിവാക്കാൻ സോളാർ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കണം. പൊങ്ങൻചുവട് കോളനിയിലുള്ളവർക്ക് മുടക്കുഴപഞ്ചായത്ത് ഓഫീസിലോ വില്ലേജ് ഓഫീസിലോ പെരുമ്പാവൂർ താലൂക്ക് ഓഫീസിലോ ആശുപത്രികളിലോ എത്താൻ ഇട മലയാറിൽ എത്തി കറങ്ങിയേ വരാൻ കഴിയൂ. അതിന് പരിഹാരമായി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ സ്ഥലത്തുകൂടി പാണിയേലി - തൊടാക്കയും റോഡ് യാഥാർത്ഥ്യമാക്കണം.
പെരുമ്പാവൂർ ട്രാവൻകൂർ റയോൺസിന്റെ 65 ഏക്കർ ഭൂമിയും കെട്ടിടവും അന്യാധീനപ്പെട്ടു പോകാതെ ഐ.ടി. പാർക്ക്, ഹോസ്പിറ്റൽ കോംപ്ളക്സ് , അമ്യൂസ്‌മെന്റ് പാർക്ക്, കൺവെൻഷൻ സെന്റർ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റർ പ്ളാൻ തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കണം.
പാലക്കാട്ടുതാഴംമൈതാനത്ത് അമ്യൂസ്‌മെന്റ് പാർക്ക് പോലെയുള്ള വിനോദ കേന്ദ്രം ആരംഭിക്കണം
പെരുമ്പാവൂർ മാർത്തോമ കോളേജിൽ ജംപിംഗ് അക്കാഡമി യാഥാർത്ഥ്യമാക്കുക
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കണം