തൃപ്പൂണിത്തുറ: എരൂർ റോഡിനോട് ചേർന്ന് പോട്ടയിൽ - പുതിയ റോഡ് ബസ് സ്റ്റോപ്പിനിടയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ട്രൂറ ആവശ്യപ്പെട്ടു. ഗതാഗത കുരുക്കിനാൽ വീർപ്പുമുട്ടുന്ന പ്രദേശത്ത് പാർക്കിംഗ് സൗകര്യമില്ലാത്ത കെട്ടിടത്തിൽ തുടങ്ങുന്ന മദ്യശാല ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആരോപിച്ചു.

പോട്ടയിൽ ക്ഷേത്രം, ഏലുമന ദേവിക്ഷേത്രം, മുതുകുളങ്ങര സന്താനഗോപാല ക്ഷേത്രം, സെന്റ് മേരീസ് യാക്കോബായ പള്ളി, എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയ

എന്നിവയുടെ വിളിപ്പാടകലെ മദ്യശാലയ്ക്ക് നഗരസഭ അനുമതി നൽകിയതിൽ ദുരൂഹതയുണ്ട്.

ഇക്കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും വിദേശമദ്യശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ട്രൂറ ഭാരവാഹികൾ പറഞ്ഞു.