u

ചോറ്റാനിക്കര: പുളിക്കമ്യാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിന് സമീപത്തെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് സമീപത്തുള്ള പുളിക്കമാലി തോട്ടിലേക്ക് ഒഴുകുന്നതായി പരാതി.

നൂറുകണക്കിന് ആളുകൾ ജലസേചനത്തിന് ഉപയോഗിക്കുന്ന തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തിയെത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രദേശത്ത് കനാൽ വെള്ളമാണ് ജനങ്ങളുടെ ആശ്രയം. കുളിക്കാനും മറ്റു കൃഷി ആവശ്യങ്ങൾക്കും കനാൽ വെള്ളമാണ് ഉപയോഗിക്കുന്നത്.

കക്കൂസ് മാലിന്യം ഒഴുകിയെത്തിയതോടെ സമീപത്തെ കിണർ വെള്ളവും ഉപയോഗശൂന്യമായി. വിവരമറിഞ്ഞ് ആരോഗ്യ പ്രവർത്തകർ എത്തിയെങ്കിലും കുരീക്കാട് സ്വദേശിയായ ഉടമയ്ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 40 ഓളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ ആകെയുള്ളത് ഒരു ശുചിമുറി മാത്രമാണ്. അതാവട്ടെ വൃത്തിഹീനവും. ദുർഗന്ധം കാരണം പരിസരവാസികൾക്ക് ആ പ്രദേശത്തുകൂടി നടന്നുപോകാൻ പോലും സാധിക്കുന്നില്ല. കടുത്ത വേനൽക്കാലം ആയതോടെ പകർച്ചവ്യാധി ഭീഷണിയിലാണിവിടം. വാണിജ്യ ആവശ്യത്തിനായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമയ്ക്കെതിരെ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

400 സ്ക്വയർ ഫീറ്റിൽ താഴെ മാത്രമുള്ള വാടക കെട്ടിടത്തിൽ 40 ലധികം തൊഴിലാളികളെ താമസിപ്പിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.