
കൊച്ചി: ബോട്ടിൽ മണിക്കൂറുകൾ നീളുന്ന തീരനിരീക്ഷണം ഇനി കോസ്റ്റൽ പൊലീസിന് മിനിട്ടുകൾക്കുള്ളിൽ തീർക്കാം. കൂടുതൽ വേഗത്തിലും ഫലപ്രദമായും നിരീക്ഷണത്തിന് സഹായിക്കുന്ന ഹെലികോപ്ടറിന്റെ സേവനം സേനയ്ക്കു ലഭിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കും മറ്റുമായി സർക്കാർ വാടകയ്‌ക്കെടുത്ത സ്വകാര്യ കോപ്ടറാണിത്.
കൊച്ചി മുതൽ കൊല്ലം നീണ്ടകര വരെയുള്ള തീരം ഹെലികോപ്ടറിൽ അരിച്ചുപെറുക്കി മടങ്ങിയെത്താൻ പൊലീസിന് വേണ്ടിവന്നത് വെറും ഒരു മണിക്കൂർ 10 മിനിട്ട് മാത്രം.
കൊച്ചിക്ക് പുറമേ, ബേപ്പൂർ, കണ്ണൂർ ഏഴിമല, തിരുവനന്തപുരം കോസ്റ്റൽ സ്‌റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് മാസം കൂടുമ്പോഴാണ് ഹെലികോപ്ടർ നിരീക്ഷണം. കോസ്റ്റൽ പൊലീസ് മേധാവി മുതൽ അതത് സ്റ്റേഷനിലെ എസ്.എച്ച്.ഒയടക്കം ആറ് പേർ നിരീക്ഷണ സംഘത്തിലുണ്ടാകും. ഇതുവരെ നാല് നിരീക്ഷണപ്പറക്കൽ നടത്തി.
തീരവും പുറങ്കടലും 12 നോട്ടിക്കൽ മൈൽ വരെ ഒറ്റനോട്ടത്തിൽ വ്യക്തമാകുമെന്നതാണ് ഹെലികോപ്ടർ നിരീക്ഷണത്തിന്റെ മേന്മ. ആകാശ ദൃശ്യം കാമറയിൽ പകർത്തി വിശകലനം ചെയ്ത് മുൻകരുതലുകൾ തീരുമാനിക്കും. ഇത് അതത് കോസ്റ്റൽ എസ്.എച്ച്.ഒമാർക്ക് കൈമാറി തീരസുരക്ഷ ശക്തമാക്കും. ഇതോടൊപ്പം ബോട്ടുകളിൽ പുറങ്കടലിലും ജീപ്പിൽ തീരത്തും പട്രോളിംഗ് തുടരും.
നിരീക്ഷിക്കുന്നത്
• മത്സ്യബന്ധ ബോട്ടുകൾ
• സംശയാസ്പദമായ യാനങ്ങൾ
• വള്ളങ്ങൾ കയറ്റിവയ്ക്കുന്നയിടങ്ങൾ
• സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങൾ
• സംശയാസ്പദമായ സ്ഥലങ്ങൾ
• എത്തിപ്പെടാൻ പറ്റാത്തയിടങ്ങൾ
4 പറക്കൽ
കൊച്ചി - ആലപ്പുഴ - നീണ്ടകര
തിരുവനന്തപുരം - വിഴിഞ്ഞം - നീണ്ടകര
ബേപ്പൂർ - തൃശൂർ - മലപ്പുറം - കോഴിക്കോട്
കണ്ണൂർ - കണ്ണൂർ - കാസർകോട്
ചിപ്‌സൺ
ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 80 ലക്ഷം രൂപയാണ് മാസ വാടക. മൂന്ന് വർഷത്തേയ്ക്കാണ് കരാർ. മാസം ഇരുപത് മണിക്കൂർ ഉപയോഗിക്കാം. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം.