chira
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരും നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് അധികൃതരും കാരക്കാട്ടുചിറ സന്ദർശിച്ചപ്പോൾ.

നെടുമ്പാശേരി: ജില്ലയിലെ പ്രധാന ജലസംഭരണികളിലൊന്നായ നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 15 -ാം വാർഡിലെ കാരക്കാട്ടുചിറയിൽ ടൂറിസം വികസനത്തിന്റെ ചൂളംവിളി ഉയരുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞ ചിറയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നവകേരള സദസിൽ ലഭിച്ച പരാതിയാണ് ടൂറിസം വികസനത്തിന് വഴിതുറന്നത്. പത്ത് ഏക്കറോളം വിസ്തൃതിയുള്ള ചിറയുടെ ടൂറിസം വികസനത്തിനായി ഡി.ടി.പി.സി തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് ടൂറിസം ഡയറക്ടർക്കും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കും വൈകാതെ കൈമാറും.

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ചിറയിൽ നിറയെ വെള്ളമുള്ളതിനാൽ പ്രദേശത്തെ കിണറുകളിൽ ആവശ്യത്തിന് നീരുറവയുണ്ട്. എന്നാൽ ചിറയും ജലസമ്പത്തും സംരക്ഷിക്കാൻ ഇതുവരെ അധികൃതർ ഫലപ്രദമായ നടപടികളെടുത്തിരുന്നില്ല. നിലവിൽ പുല്ലും ആഫ്രിക്കൻ പായലും വളർന്ന് വെള്ളം കാണാനാകാത്ത അവസ്ഥയാണ്. ചിറക്കു ചുറ്റുമുള്ള വഴിയിലൂടെ നടക്കാനാകാത്ത വിധം കാടുപിടിച്ചിക്കുന്നു. പുല്ലും പായലും ചീഞ്ഞാൽ വെള്ളം കൂടുതൽ മലിനമാകും. ഈ സാഹചര്യത്തിലാണ് കാരക്കാട്ടുകുന്ന് സ്വദേശി വി.കെ. രാജീവ് നവകേരള സദസിൽ പരാതി നൽകിയത്.

ഡി.ടി.പി.സി ഉദ്യോഗസ്ഥർ സന്ദർശിച്ചു

കാരക്കാട്ടുചിറയുടെ ടൂറിസം സാധ്യതകൾ പരിശോധിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, പഞ്ചായത്ത് അസി. സെക്രട്ടറി പി. എസ്. സുനിൽകുമാർ, ജോബി നെൽകര, കെ.കെ. അബി, വി.കെ. രാജീവ്, കെ.എസ്. രാജിവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ടൂറിസം വികസനത്തിന്റെ ആദ്യഘട്ടത്തിൽ

* ചിറയുടെ നാലുവശവും കരിങ്കല്ല് കെട്ടി സംരക്ഷിക്കും

* പുല്ലും പായലും നീക്കും

* ചിറയ്ക്ക് ചുറ്റുമുള്ള നടപ്പാത നവീകരിക്കും.

* പെഡൽ ബോട്ടിംഗ്, കുടുംബശ്രീ ഔട്ട്ലെറ്റ്, ടോയിലെറ്റ്