പറവൂർ: പുതിയ ദേശീയപാത 66ന്റെ നിർമ്മാണത്തെ പ്രതിസന്ധിയിലാക്കി മെറ്റലിന്റെയും മണ്ണിന്റെയും ക്ഷാമം. നിർമ്മാണം തുടങ്ങി ഒരു വർഷവും അഞ്ച് മാസവുമാകുമ്പോൾ ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഇഴയുകയാണ്.

കരിങ്കല്ല് എത്തിക്കാൻ കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനിയേഴ്സിന് ഇതുവരെ സാധിച്ചിട്ടില്ല. ക്വാറി ലഭിക്കാത്തതാണ് കാരണം. ചാലക്കുടിയിൽ ക്വാറി ലഭിക്കുമെന്ന് കരുതി കുറ്റിച്ചിറയിൽ സ്ഥാപിച്ച ക്രഷർ വെറുതെ കിടക്കുകയാണ്. നിലവിൽ തമിഴ്‌നാട്ടിൽ നിന്ന് ഉയർന്ന വിലയ്ക്കാണ് മെറ്റൽ എത്തിക്കുന്നത്. റോഡ് നിർമ്മാണം ആരംഭിക്കുന്നതോടെ മെറ്റലിന്റെ ആവശ്യകതയേറും. ഇത് പൂർണമായി തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരിക പ്രായോഗികമല്ല. ക്വാറി ലഭിക്കാതിരുന്നാൽ ഇടപ്പിള്ളി - കോട്ടപ്പുറം മേഖലയിൽ മുൻനിശ്ചയിച്ച സമയത്ത് നിർമ്മാണം പൂർത്തിയാക്കാനാകുമോ എന്നകാര്യം സംശയത്തിലാണ്. 2025 ഏപ്രിലിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തോന്ന്യകാവിൽ നിന്ന് രണ്ട് ഭാഗത്തേയ്ക്കുമുള്ള സർവീസ് റോഡുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.

അടിപ്പാതയിലെ ഗർഡർ സ്ഥാപിക്കൽ തുടങ്ങി

പുതിയ ദേശീയപാതയിലെ അടിപ്പാതയുടെ തൂണുകളിൽ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. എടയാറുള്ള പ്ലാന്റിൽ നിർമ്മിച്ച നാല് കൂറ്റൻ ഗർഡറുകൾ രണ്ട് വാഹനങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞദിവസം തോന്ന്യകാവിൽ എത്തിച്ചത്. വലിയ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി തൂണുകളിൽ ഘടിപ്പിച്ചു. പണികൾ നടക്കുന്ന ഭാഗത്തെ റോഡ് അടച്ചെങ്കിലും സഞ്ചാരത്തിന് സമീപത്ത് മറ്റൊരു പാത ഒരുക്കിയിട്ടുണ്ട്. ബസുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഇതുവഴി പോകാം. ഗർഡർ സ്ഥാപിക്കുന്ന സമയങ്ങളിൽ ഗതാഗതക്രമീകരണം ഉണ്ടാവും.

രണ്ട് തൂണുകളിൽ നാല് ഗർഡറുകളാണ് സ്ഥാപിച്ചത്. തൊട്ടടുത്തുള്ള മറ്റൊരു തൂണിൽ നാല് ഗർഡറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്.