തൃപ്പൂണിത്തുറ: സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡമനുസരിച്ച് പടക്കഅപകടം ഒരു ദുരന്തമല്ലാത്തതിനാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഇത്തരം അപകടങ്ങളിൽ പെടുന്നവർക്ക് ധനസഹായം നല്കുവാൻ നിർവ്വാഹമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അറിയിച്ചു.

എന്നാൽ തൃപ്പൂണിത്തുറ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം, പരിക്കേറ്റവരുടെ ചികിത്സാചെലവ് എന്നിവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കാമോ എന്ന് പരിശോധിക്കുന്നതിനായി വിഷയം റവന്യൂ (ഡി.ആർ.എഫ്) വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് കെ. ബാബു എം.എൽ.എ യുടെ നിവേദനത്തിന് മറുപടിയായി ജോയിൻ്റ് സെക്രട്ടറി അറിയിച്ചു.

തൃപ്പൂണിത്തുറ ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനും പരിക്കേറ്റവർക്ക് തുടർചികിത്സാചെലവ് അനുവദിക്കുന്നതിനും വീടുകൾക്ക് സംഭവിച്ച കേടുപാടുകൾക്ക് നഷ്ടപരിഹാരത്തിനുമായി കഴിഞ്ഞമാസം 13 നാണ് എം.എൽ.എ നിവേദനം സമർപ്പിച്ചത്.