മൂവാറ്റുപുഴ: പെരുമ്പാവൂർ വെങ്ങോല ഒർണഭാഗത്ത് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി അസാം സ്വദേശി അബ്ദുൾ ഹക്കിം കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി ടോമി വർഗീസ് കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
ഭാര്യ മെഹമൂദയേയും മൂന്നുവയസുള്ള മകനേയുമാണ് 2015 ഏപ്രിലിൽ പ്രതി കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം കേരളംവിട്ട പ്രതിയെ പെരുമ്പാവൂർ പൊലീസ് നാഗാലാൻഡിൽനിന്നാണ് അറസ്റ്റുചെയ്തത്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റം തെളിയിച്ചത്. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റിയാസാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യുട്ടർ കെ.എസ്. ജ്യോതികുമാർ, അഭിലാഷ് മധു എന്നിവർ ഹാജരായി.