കാലടി: മറ്റൂർ പിരാരൂർ ചിറയുടെ ഗ്രാമീണ ടൂറിസം സാദ്ധ്യതകൾ വിലയിരുത്താനും ജില്ല ടുറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരെത്തി. അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ നവകേരള സദസ്സിൽ സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് നടപടി. കാലടി പഞ്ചായത്തിന്റെയും, അങ്കമാലി മുനിസിപ്പാലിറ്റിയുടെയും അതിർത്തി പങ്കിടുന്ന ചിറ 18 ഏക്കറോളം വരും. അന്താരാഷ്ട്ര വിമാനത്താവള റോഡിന് അടുത്തുള്ള ഈ ജലാശയം ഇപ്പോൾ പുല്ലും, കുളവാഴയും വളർന്ന് ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. 1952-ൽ സംസ്ഥാന സർക്കാർ ചെലവിൽ പൊതുജനങ്ങൾക്ക് കുളിക്കാൻ നിർമ്മിച്ച സ്നാനഘട്ടവും നാശത്തിന്റെ വക്കിലാണ്. ചിറയുടെ സംരക്ഷണം സാധ്യമായാൽ മേഖലയുടെ ടൂറിസം, ജലഗതാഗത വികസനത്തിന് ഏറെ ഗുണപരമാകുമെന്ന് സിജൊ ചൊവ്വരാൻ പറഞ്ഞു. അത്താണിയിൽ കെസിഎതുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനും ഈ പദ്ധതി ഏറെ ഗുണം ചെയ്യും.