
ആലുവ: വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി റൂറൽ ജില്ലയിലെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അവലോകന യോഗം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് അഡീ. എസ്.പി പി.എം .പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്‌പെക്ടർ വി.എസ്. ഷാബു അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ വി.എസ്. ഷിഹാബ്, സീനിയർ സി.പി.ഒ പ്രദീപ്കുമാർ, എം. ബിനു, അൻസൻ, സിനിതാ സരൺ, ജോബി ജേക്കബ്, മനീഷ്, സുബ്രഹ്മണ്യൻ, സുകുമാരൻ, അഷ്മി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുക, സാമൂഹ്യ സുരക്ഷയും, യാത്രാ സുരക്ഷയും ഉറപ്പുവരുത്തുക, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും തടയുക, സ്‌ക്കൂൾ പരിസരത്തെ ലഹരി വിൽപ്പന തടയുക, കുട്ടികളോട് ദുരുദ്ദേശപരമായി പെരുമാറുന്നവരെ കണ്ടെത്തുക, ക്ലാസ് ഒഴിവാക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ വിദ്യാലയത്തിലെത്തിക്കുക, വിദ്യാർത്ഥികളിൽ അച്ചടക്കവും പൊതുബോധവും വളർത്തുക തുടങ്ങിയവയാണ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്‌ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പ്രധാന ലക്ഷ്യങ്ങൾ.
ഗ്രൂപ്പിന്റെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും അദ്ധ്യാപകർക്കും സുരക്ഷിതത്വത്തിൻറെ ആത്മവിശ്വാസവും കരുത്തും വളർത്തുകയാണ് പൊലീസ് ഉദ്ദേശിക്കുന്നത്.