padam
ആഷിൽ

കൊച്ചി: സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന ഭാര്യയെ ബൈക്കിലെത്തി നടുറോഡിൽവച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റുചെയ്തു. എറണാകുളം കോമ്പാറ എടക്കാട്ടുപറമ്പിൽ വീട്ടിൽ ആഷിലിനെയാണ് (34) കളമശേരി പൊലീസ് അറസ്റ്റുചെയ്തത്. കുഴൂകാവുങ്കൽവീട്ടിൽ നീനുവിനാണ് (24) കുത്തേറ്റത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയായ നീനു അപകടനില തരണംചെയ്തു. ഒരു മകനുണ്ട്. അകന്നുകഴിയുന്ന ഭാര്യ തിരികെ വരാത്തതിന്റെ വൈരാഗ്യമാണ് ആഷിലിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്.

ഇന്നലെ രാവിലെ ഒമ്പതോടെ ഇടപ്പള്ളിടോൾ എ.കെ.ജി റോഡിലെ പരിഷത്ത് ഭവന് സമീപമാണ് സംഭവം. വീട്ടിൽനിന്ന് ജോലിക്ക് സ്‌കൂട്ടറിൽ പോകുകയായിരുന്നു നീനു. ഈസമയം ബൈക്കിലെത്തിയ ആഷിൽ നീനുവിനെ റോഡിൽ തടഞ്ഞുനിറുത്തി. വാക്കുതർക്കത്തിനിടെ കത്തിയെടുത്ത് നീനുവിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ നീനു പ്രാണരക്ഷാർത്ഥം സമീപത്തെ കടയിലേക്ക് ഓടിക്കയറി.

കടഉടമയും ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവിടെനിന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുത്തേറ്റ് കഴുത്തിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായി പൊലീസ് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ മണിക്കൂറോളം നീണ്ടു. ആളുകൾ ഓടിക്കൂടുന്നതിനിടെ സ്ഥലംവിട്ട ആഷിൽ പത്തുമണിയോടെ കളമശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പ്രണയിച്ച് വിവാഹിതരായ ആഷിലും നീനുവും അഞ്ചുവർഷമായി പിരിഞ്ഞുകഴിയുകയാണ്. നീനു ഇടപ്പള്ളി ടോളിലെ സ്വന്തംവീട്ടിലാണ് താമസം. ആഷിൽ തിരികെ വിളിച്ചെങ്കിലും ഇവർ പോകാൻ കൂട്ടാക്കിയില്ല. ഇതിനിടെ ആഷിൽ രണ്ടുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.