
കൊച്ചി: സംസ്ഥാനത്ത് ദിവസവും നറുക്കെടുക്കുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വർദ്ധിപ്പിക്കുമെന്നും കുറഞ്ഞ സമ്മാനത്തുക 100ൽ നിന്ന് 50 രൂപയാക്കുമെന്നും ടിക്കറ്റ് വില 50 രൂപയാക്കുമെന്നുള്ള വാർത്ത ലോട്ടറി വകുപ്പ് നിഷേധിച്ചു. ലോട്ടറി വകുപ്പ് ഇത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് ഡയറക്ടർ എസ്.അബ്രഹാം റെൻ അറിയിച്ചു. ഇങ്ങനെ ശുപാർശ തയ്യാറാക്കുകയോ സർക്കാരിലേക്ക് സമർപ്പിക്കുകയോ സർക്കാരിന്റെ പരിഗണനയ്ക്ക് വരികയോ ചെയ്തിട്ടില്ല. ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നുവെന്ന വാർത്ത ഭാഗ്യക്കുറി കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചെന്നും എസ്.അബ്രഹാം റെൻ പറഞ്ഞു.