
മട്ടാഞ്ചേരി:ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൽ നാട്ടിലെങ്ങും പ്രചാരണം കൊഴുക്കുമ്പോൾ ഭിന്നശേഷിക്കാരുടെ പരിശീലന കേന്ദ്രമായ രക്ഷാ സ്പെഷ്യൽ സ്കൂളിൽ നടന്ന തിരെഞ്ഞെടുപ്പ് ശ്രദ്ധേയമായി. വോട്ടെടുപ്പ് ദിവസമാണോയെന്ന് തോന്നുന്ന രീതിയിലായിരുന്നു ഒരുക്കങ്ങൾ. പോളിംഗ് സ്റ്റേഷനും പോളിംഗ് ബൂത്തും പ്രിസൈഡിംഗ് ഓഫീസർമാരും സുരക്ഷാ ജീവനക്കാരും വോട്ട് ചെയ്യാൻ വരിയിൽ കാത്ത് നിൽക്കുന്നവരും ഒപ്പം ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കാൻ തൊഴു കയ്യോടെ നിൽക്കുന്ന സ്ഥാനാർത്ഥികളും. എല്ലാം ഭിന്നശേഷിക്കാരായവരായിരുന്നു എന്നുള്ളതാണ് പ്രത്യേകത. ഭിന്നശേഷിക്കാർക്കിടയിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ഒരുക്കിയ സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടന്നത്. സാധാരണ തെരഞ്ഞെടുപ്പ് പോലെ വിജ്ഞാപനം പുറപ്പെടുവിച്ചു. രക്ഷാ എക്സിക്യുട്ടീവ് സെക്രട്ടറി ഗിരിജ നാഥ് മേനോനെ വരണാധികാരിയായി നിശ്ചയിച്ചു. നാല് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.പത്രിക അംഗീകരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ദിവസം വരെ സ്ഥാനാർത്ഥികളുടെ വോട്ടഭ്യർത്ഥനയും പ്രകടനവും പോസ്റ്റർ പ്രചാരണവും നടന്നു. കലാശക്കൊട്ടും ഗംഭീരമാക്കി. വോട്ടെടുപ്പ് തലേ ദിവസം നിശബ്ദ പ്രചാരണവും നടന്നു. പതിനെട്ട് വയസ് പിന്നിട്ട വോട്ടവകാശമുള്ള 72 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇന്നലെ തന്നെ വോട്ടെണ്ണൽ പ്രക്രിയയും നടന്നു. 24 വോട്ട് നേടിയ ഗ്യാവിൻ ജോസഫ് വിജയിച്ച് രക്ഷയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി അബിയ മോളെ ഗ്യാവിൻ ആറ് വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബോധവത്കരണ പരിപാടി കൊച്ചി തഹസിൽദാർ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സ്വീപ്പ് ജില്ലാ കോ-ഓർഡിനേറ്ററും കൊച്ചി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറുമായ ജോസഫ് ആന്റണി ഹെർട്ടിസ് പദ്ധതി വിശദീകരിച്ചു.രക്ഷാ ചെയർമാൻ ഡബ്ളിയു.സി തോമസ്,എലിസബത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു.