കൊച്ചി: ചാലക്കുടി മണ്ഡലത്തിൽ വോട്ട് ഉറപ്പാക്കാൻ പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർത്ഥികൾ.

മണ്ഡലത്തിൽ പാറക്കടവ്, കറുകുറ്റി, മൂക്കന്നൂർ എന്നിവിടങ്ങളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാന്റെ പ്രചാരണം. വിവിധ മഠങ്ങൾ സന്ദർശിച്ച് അദ്ദേഹം അനുഗ്രഹം തേടി. പ്രധാന വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങളിൽ എത്തി പിന്തുണ അഭ്യർത്ഥിച്ചുമായിരുന്നു പ്രചാരണം. കുറുമശേരി ലിറ്റിൽ ഫ്ലവർ അക്കാഡമിയിൽ കുട്ടികളുമായി സ്നേഹസംവാദം നടത്തിയും മൂഴിക്കുളം നാലമ്പലത്തിലെത്തി അനുഗ്രഹം തേടിയും പ്രചാരണം തുടങ്ങിയ ബെന്നിബഹനാൻ കറുകുറ്റി പഞ്ചായത്തിലെ പാലിശേരിയിലെ ആകാശപ്പറവകൾ എന്ന സ്ഥാപനം സന്ദർശിച്ച് അന്തേവാസികളുടെ അനുഗ്രഹം തേടി. ഇവിടത്തെ ഭിന്നശേഷിക്കാരായ അന്തേവാസികളുമായി സമയം ചെലവഴിച്ചു. വൈകിട്ട് അങ്കമാലിയിൽ നടന്ന യു.ഡി.എഫ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും ഇഫ്‌താർ സംഗമത്തിലും ബെന്നി ബഹനാൻ പങ്കെടുത്തു.

എൻ.ഡി.എ ചാലക്കുടി പാർലമെന്റ് സ്ഥാനാത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ഇന്നലെ നെടുമ്പാശേരി മണ്ഡലത്തിലെ ദേശം ദത്താത്രേയ ആഞ്ജനേയ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രചാരണം ആരംഭിച്ചു. ദർശന ശേഷം കാഞ്ഞൂർ, പുതിയേടം, അത്താണി തുടങ്ങി വിവിധ സ്ഥലങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. തിരുവൈരാണികുളത്ത് വിവാഹത്തിൽ പങ്കെടുത്തു.

പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ കാല യോഗങ്ങൾ ചേർന്ന വീട്ടിലെത്തി പ്രൊഫ. സി. രവീന്ദ്രനാഥ് എത്തി. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ പെരുമ്പാവൂർ പുല്ലുവഴിയിലെ വീട് സന്ദർശിച്ചപ്പോഴായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ യോഗം ചേരാനും താമസിക്കാനുമെല്ലാം ഉപയോഗിച്ചിരുന്ന കളപ്പുര സന്ദർശിച്ചത്. പി.കെ.വിയുടെ മകളും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായ ശാരദാമോഹനും ഭർത്താവ് മോഹൻ ബാബുവും ഒപ്പമുണ്ടായിരുന്നു. പി.കെ.വിയുടെ സ്മൃതി കുടീരത്തിൽ രവീന്ദ്രനാഥ് പുഷ്പാർച്ചന നടത്തി.