
ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് ഇന്നലെ കീഴ്കാവിൽ നടന്നു. വ്രതനിഷ്ഠയോടെ കളമെഴുത്തും പാട്ടും വർഷത്തിലൊരിക്കലാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു വരുന്നത്. മേൽക്കാവിലെ അത്താഴ പൂജക്ക് ശേഷമാണ് മുടിയേറ്റ് നടത്തിയത്. കീഴ്ക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിൽ ഭദ്രകാളിയുടെ കളം ചിട്ടയോടെ വിവിധ വർണ പൊടികളാൽ വരച്ചതിന് ശേഷം കളമെഴുതി വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം കളം മായ്ക്കൽ ചടങ്ങ് നടത്തി മുടിയേറ്റ് ആരംഭിച്ചത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മുടിയേറ്റ് ദർശിക്കുവാൻ എത്തിയത്.