 ആദ്യഗഡുമായി 50 ലക്ഷം എന്ന് അനുവദിക്കുമെന്ന് അറിയിക്കണം

കൊച്ചി: അപകടാവസ്ഥയിലായ തൃപ്പൂണിത്തുറ ഇരുമ്പുപാലത്തിനു പകരം പുതിയ പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രാഥമിക ചെലവിലേയ്ക്കായി 50 ലക്ഷം രൂപയെന്ന് അനുവദിക്കാനാകുമെന്നറിയിക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരിക്കുന്നത്. മുക്കോട്ടിൽ ടെമ്പിൾ റോഡ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച ഹർജി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.
പഴയ ഇരുമ്പുപാലം ഭാഗികമായി അടച്ചിട്ട് അഞ്ച് വർഷമായെന്നും നിലവിൽ ഇരുചക്രവാഹനം മാത്രമാണ് ഇതിലെ കടത്തിവിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കൊച്ചി കോർപ്പറേഷൻ മേഖലയെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. തോട്ടപ്പിള്ളിക്കാട്ടുപുഴയ്ക്ക് കുറുകേയുള്ള ഇരുമ്പുപാലത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് 2022 ൽ പാലം പുനർനിർമ്മിക്കാൻ ഭരണാനുമതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. 30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. എന്നാൽ സ്ഥലമേറ്റെടുപ്പിന് പോലും ഇതുവരെ പണം ലഭ്യമായിട്ടില്ലെന്നാണ് പരാതി. തുക അനുവദിച്ച് പുതിയ പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വൈക്കം, തലയോലപ്പറമ്പ്, പിറവം തുടങ്ങിയ മേഖലകളിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് എത്തുന്നവർ ആശ്രയിച്ചിരുന്നത് ഇരുമ്പുപാലത്തെയായിരുന്നു.
പുതിയ പാലത്തിനായി സർക്കാരിൽ പല നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചത്.