നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് 26-ാംനമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ നിന്ന് മരിച്ചവരെയും താമസം മാറിപ്പോയവരെയും ഒഴിവാക്കാൻ ഓൺലൈൻ പരാതി നൽകിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. നിലവിൽ വോട്ടർ പട്ടികയിലുള്ള 23 പേർ മരിച്ചവരും 46 പേർ താമസം മാറിയവരുമാണ്. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഓൺലൈൻ വഴി അപേക്ഷിച്ചവരുടെ ബൂത്ത് ലെവൽ വെരിഫിക്കേഷൻ നടത്തി താലൂക്കിലേക്ക് അയച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.
പന്ത്രണ്ട് പേരുടെ ഇരട്ടിപ്പ് വന്നതാണ് മറ്റ് പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ വരാത്തതിന് കാരണമായതെന്നാണ് വിവരം. താലൂക്കിലെ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണിതെന്ന് ആരോപണമുണ്ട്.
മരിച്ചവരെയും താമസംമാറിയവരെയും പട്ടികയിൽ നിന്ന് നീക്കാതെ ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥരെന്നാണ് ആക്ഷേപം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വോട്ടർപട്ടിക കുറ്റമറ്റതാക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കോൺഗ്രസ് പരാതി നൽകി.