mahin
മാഹിൻ (ചക്കച്ചി മാഹിൻ)

ആലുവ: മൂന്നുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും കാണാമറയത്ത്. അതേസമയം പ്രതികൾക്ക് വാഹനം കൈമാറിയ തിരുവനന്തപുരം വലിയതുറ സുലൈമാൻ തെരുവിൽ നാഫിയ മൻസിലിൽ മാഹിനെ (ചക്കച്ചി മാഹിൻ 35) ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാഹനം കൈമാറിയ മറ്റ് രണ്ടുപേർ ഉൾപ്പെടെ മൂന്നുപേരാണ് ഇതേവരെ പിടിയിലായത്. സംഭവം നടന്ന ഞായറാഴ്ചതന്നെ കൊല്ലം സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവർ പിടിയിലായിരുന്നു.

തട്ടിക്കൊണ്ടുപോകൽ സംഘത്തിന് വാടകവാഹനം നേരിട്ട് കൈമാറിയത് മാഹിനാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകക്കേസിലടക്കം 15 ഓളം കേസുകളിലെ പ്രതിയാണ് മാഹിൻ. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസുണ്ട്. പൂന്തുറ, വലിയതുറ, വട്ടിയൂർക്കാവ് തുടങ്ങിയ സ്‌റ്റേഷനുകളിലായി മയക്കുമരുന്ന്, അടിപിടി ഉൾപ്പെടെയുള്ള കേസുണ്ട്.

* സ്വർണം കൈമാറുന്നത് സംബന്ധിച്ച തർക്കമെന്ന് സൂചന

17ന് രാവിലെ 7.30ഓടെ ആലുവ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മൂന്ന് യുവാക്കളെ നാലംഗസംഘം ഇന്നോവാ കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണ ഇടപാടിലെ തർക്കമാണെന്ന് പൊലീസിന് സൂചനയുണ്ട്. സ്വർണം തരാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം പറ്റിച്ചതാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. അതിനാലാണ് ഇരകളുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കാത്തത്. ആലുവയിലെ ദൃക്‌സാക്ഷികൾ നൽകിയ വിവരത്തിന്റെയും സി.സി ടിവികളിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മാഹിൻ നൽകിയ വിവരങ്ങളിൽനിന്നാണ് സ്വർണ കൈമാറ്റം സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്.