തൃപ്പൂണിത്തുറ: മദ്യലഹരിയിൽ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച പ്രതിയെ താലൂക്കാശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിംഗ് ഓഫീസറെയും ആക്രമിച്ച
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 10 മുതൽ 11 വരെ ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്‌കരിച്ചു. നഴ്സിംഗ് ഓഫീസർ ജി. ദിവ്യയ്ക്കാണ് പ്രതിയുടെ മർദ്ദനമേറ്റത്.
24 മണിക്കൂറും എയ്ഡ്പോസ്റ്റ് പ്രവർത്തനം ആരംഭിക്കുക, ആശുപത്രി ജീവനക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, ആശുപത്രിക്കും ഉപകരണങ്ങൾക്ക് സുരക്ഷയൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജീവനക്കാരുടെ സമരം. സൂപ്രണ്ട് ഡോ. പി. സുമ, ആർ.എം.ഒ ഡോ. പി. പൂർണിമ, ഡോ. കണ്ണൻ ടി. രാജ്, എൻ.ജി.ഒ യൂണിയൻ ഭാരവാഹി സഞ്ജു മോഹൻ തുടങ്ങിയവർ സംസാരിച്ചു.
സി.പി.ഒയേയും നഴ്സിനെയും ആക്രമിച്ച കേസിൽ പ്രതിയായ കുരീക്കാട് പാത്രയിൽ പി.എസ്. മാധവൻ നായരെ (64) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.