മൂവാറ്റുപുഴ: ഭിന്നശേഷിയുള്ള യുവതിയെയും മാതാപിതാക്കളെയും മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.വി. ആന്റു ആവശ്യപ്പെട്ടു. മർദ്ദനമേറ്റ വാളകം പഞ്ചായത്ത് റാക്കാട് പെരുമാലിൽ അമ്മു (31) അച്ഛൻ കുമാരൻ (75) അമ്മ ശാരദ (62) എന്നിവരെ ഡി.എ.ഡബ്ല്യു.എഫ് നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു. അയൽവാസി റാക്കാട് തച്ചിരുപറമ്പിൽ വിലാസിനിയും ഭർത്താവ് പൊന്നനും മകൻ അഖിലും (കുഞ്ഞുകുട്ടായി) ചേർന്നാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് പേരെയും മർദ്ദിച്ചത്. പരിക്കേറ്റ ശാരദയും അമ്മുവും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡി.എ.ഡബ്ല്യു.എഫ് ഏരിയാ സെക്രട്ടറി കെ.കെ. ജയേഷ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, വാളകം ലോക്കൽ സെക്രട്ടറി ടി.എം. ജോയി, എസ്. വിനോദ് എന്നിവരും വീട് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.