bandhu

കൊച്ചി: തൊഴിലിടങ്ങളിലും താമസസ്ഥലത്തുമെത്തി ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന കേരളത്തിന്റെ 'ബന്ധു"പദ്ധതി ദേശീയ തലത്തിലേക്ക് വ്യാപിക്കാൻ വഴിയൊരുങ്ങുന്നു.
ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കൊച്ചി റിഫൈനറിയും സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ് (സി.എം.ഐ.ഡി) എന്ന എൻ.ജി.ഒയും എറണാകുളത്ത് നടപ്പാക്കിയ പദ്ധതി വൻ വിജയമാണ്.
റിഫൈനറിയുടെ സാമ്പത്തിക സഹായം പോലെ ഓരോ നഗരത്തിലും സ്പോൺസർഷിപ്പ് കണ്ടെത്തി പദ്ധതി നടപ്പാക്കാനാവുമെന്ന് കേരളത്തിലെ ചുമതലക്കാർ
നാഷണൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എറണാകുളത്ത് 2022 ജൂലായിൽ പദ്ധതി ആരംഭിച്ച ശേഷം 30,000ത്തോളം പേർക്ക് ചികിത്സ നൽകി. രക്തപരിശോധന, മരുന്നുകൾ തുടങ്ങിയവയെല്ലാം സൗജന്യം.
ഭാഷാപരിമിതിയുടെയും സാമ്പത്തിക ബാദ്ധ്യതയുടെയും സമയക്കുറവിന്റെയും പേരിൽ ചികിത്സ തേടാത്ത തൊഴിലാളികളിൽ പലർക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് 'ബന്ധു" ആവി​ഷ്കരി​ച്ചത്. ആശുപത്രിയുടെ പ്രവർത്തനസമയത്ത് ഇവർ തൊഴിലിടങ്ങളിലായിരിക്കുമെന്നതിനാൽ ചികിത്സ ഒഴിവാക്കുന്നതായും വ്യക്തമായിരുന്നു.

സേവനം എങ്ങനെ
തൊഴിലാളികളുടെ താമസസ്ഥലത്തും തൊഴിലിടങ്ങളിലും ഡോക്ടർ, നഴ്‌സ്, ക്ലിനിക് അസിസ്റ്റന്റ് എന്നിവരടങ്ങിയ സംഘം എത്തുന്നു. ഗുരുതര രോഗങ്ങൾ താലൂക്ക്-ജില്ലാ ആശുപത്രികളിലേക്ക് റഫർ ചെയ്യും. ഡോക്ടറുമായി ആശയവിനിമയത്തിനായി സഹായിയെയും നൽകും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ തൊഴിലിടങ്ങളിലും വൈകിട്ട് 6.30 മുതൽ 9.00 വരെ താമസകേന്ദ്രങ്ങളിലുമാണ് സേവനം.

* എറണാകുളത്ത് 6 ലക്ഷത്തോളം തൊഴിലാളികളുണ്ട്. ത്വക്ക്, ശ്വാസകോശ,​ ഉദര രോഗങ്ങളാണ് അധികവും. ജോലിക്കിടെ പരിക്കേൽക്കുന്നവരും ധാരാളം.
* വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്നവരാണ് സംഘത്തിൽ.
* നിലവിൽ രണ്ടു മൊബൈൽ യൂണിറ്റുകളാണുള്ളത്.


പദ്ധതിയുടെ നേട്ടങ്ങൾ, ഭാവിയിലെ സാദ്ധ്യതകൾ എന്നിവയടക്കമുള്ള റിപ്പോർട്ടാണ് കേന്ദ്രത്തിന് സമർപ്പിച്ചത്. തുടർചികിത്സ ലഭ്യമാക്കുന്നതിനാൽ രോഗികൾക്ക് ഏറെ സൗകര്യമാണ്.


-ഡോ. സി. രോഹിണി, നാഷണൽ ഹെൽത്ത് മിഷന്റെ എറണാകുളം ജില്ലയുടെ ചുമതല

തൊഴിലാളികൾ ഏറെയുള്ള മഹാനഗരങ്ങളിൽ ഈ സംവിധാനം വന്നാൽ വലിയ മുന്നേറ്റമാകും.
-ഡോ. ബിനോയ് പീറ്റർ,​ എക്സി. ഡയറക്ടർ,​ സി.എം.ഐ.ഡി