വൈപ്പിൻ: വേനൽ കടുത്തതോടെ എളങ്കുന്നപ്പുഴ, എടവനക്കാട് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം. എളങ്കുന്നപ്പുഴയിൽ 3, 7, 8, 9, 10 വാർഡുകളാണ് ഏറ്റവും കടുത്ത ജലക്ഷാമം നേരിടുന്നത്. എളങ്കുന്നപ്പുഴയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലഅതോറിറ്റിയുടെ പമ്പിംഗ്. രണ്ട് ശുദ്ധജല പദ്ധതികൾ വഴി വൈപ്പിൻകരയിലേക്ക് ജലവിതരണമുണ്ടെങ്കിലും നിശ്ചയിക്കപ്പെട്ട അളവിൽ പമ്പിംഗ് നടത്തുന്നണ്ടോയെന്ന് നിരീക്ഷിക്കാൻ സംവിധാനമില്ല. പമ്പ് ഹൗസിൽ വൈദ്യുതി തടസമുണ്ടായാലും പമ്പിംഗ് മുടങ്ങും.

ദിവസങ്ങളോളം ജലവിതരണം തടസപ്പെട്ടാൽ പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളുയരും. അപ്പോൾ പഞ്ചായത്ത് ഭരണാധികാരികൾ ജലഅതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തും. അതോടെ കുറച്ച് ദിവസത്തേയ്ക്ക് ജലക്ഷാമത്തിന് ശമനമുണ്ടാകും. എന്നാൽ ദിവസങ്ങൾ കഴിയുമ്പോൾ ജലവിതരണം വീണ്ടും നിലച്ച അവസ്ഥയിലാകും. കഴിഞ്ഞ ബുധനാഴ്ചയും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജലഅതോറിറ്റി ഓഫീസിൽ സമരം നടത്തിയിരുന്നു.

എടവനക്കാട് പഞ്ചായത്തിലും ഒന്നിടവിട്ട ദിവസങ്ങളിലാണ് പമ്പിംഗ്. ഇവിടെയും പലയിടത്തും ജലവിതരണം മുടങ്ങുന്നുണ്ട്. സംസ്ഥാനപാതയ്ക്കരികിലെ പ്രദേശങ്ങളിൽ പൈപ്പുകളിൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ പല ദിവസങ്ങളിലും ജലവിതരണം മുടങ്ങുകയാണ്. ഇവിടെയും പഞ്ചായത്ത് ഭരണാധികാരികൾ ജലഅതോറിറ്റി ഓഫീസിൽ സമരം നടത്തി താത്കാലിക പരിഹാരമുണ്ടാക്കുന്നതാണ് പതിവ്.

വൈപ്പിൻകരയിലെ വിവിധ പഞ്ചായത്തുകളിലേക്ക് നടത്തുന്ന പമ്പിംഗിൽ പലപ്പോഴും വെള്ളം കൊച്ചി നഗരത്തിലേക്ക് വഴി തിരിച്ചുവിടുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ പമ്പിംഗ് നിരീക്ഷിക്കാൻ സംവിധാനംവേണമെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റി അംഗം ആന്റണി സജി ആവശ്യപ്പെട്ടു.