t

ചോറ്റാനിക്കര: നിർമ്മാണസാമഗ്രികളുടെ ദിനംപ്രതിയുള്ള വിലക്കയറ്റം വീടുവയ്ക്കുന്നവരെ വട്ടംകറക്കുകയാണ്. അനുമതിയൊക്കെ വാങ്ങിവരുമ്പോഴേയ്ക്കും വീട്ടുകാരൻ ഒരു പരുവമാകും. വീടുപണി തുടങ്ങുംമുമ്പേ വൈദ്യുതി കണക്ഷനുവേണ്ടിയുള്ള നെട്ടോട്ടമാണ്. ഇവിടെ കാത്തിരിക്കുന്നത് സാങ്കേതികമായ നൂലാമാലകളും കഴുത്തറപ്പൻ ഫീസും.

സിദ്ധാർത്ഥന്റെ അനുഭവകഥ

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുട്ടത്ത് വീട്ടിൽ സിദ്ധാർത്ഥൻ 3സെന്റ് പുരയിടത്തിൽ പണിയുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി കെ.എസ്ഇ.ബി.യിൽ മൂന്നുമാസം മുമ്പ് അപേക്ഷ നൽകി. കണക്ഷൻ ലഭിക്കുന്നതിന് താമസം നേരിട്ടതിനാൽ ജനറേറ്റർ വാടകയ്ക്കെടുത്തായിരുന്നു വീടിന്റെ ആദ്യത്തെനിലയുടെ പണിപൂർത്തീകരിച്ചത്. ജനറേറ്റർ വാടക കൊടുത്ത് മുന്നോട്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ സിദ്ധാർത്ഥൻ നിരന്തരമായി കെ.എസ്ഇ.ബി ഓഫീസിൽ കയറിയിറങ്ങി. കണക്ഷൻ ലഭിക്കുന്നതിന് ആദ്യം അറിയിച്ച തുക 1,15,000 രൂപയായിരുന്നു. മാർച്ച് എട്ടാം തീയതി വീണ്ടും ഓഫീസിൽ എത്തിയപ്പോൾ ഇലക്ട്രിക് പോസ്റ്റിന് 3000രൂപവീതം വർദ്ധിപ്പിച്ചെന്നും ജി.എസ്.ടി വർദ്ധനവും ഉൾപ്പെടെ 1, 65,000 രൂപ വേണമെന്ന് അറിയിച്ചു.

വീടിന് 100 മീറ്റർ മാറിയുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് വീട്ടിലേക്ക് കണക്ഷൻ എത്തിക്കേണ്ടത്. അതിന് 6 പോസ്റ്റുകൾ ആവശ്യമാണെന്നും രണ്ട് സ്റ്റേ വയറുകളും വേണമെന്നാണ് കെ.എസ്.ഇ.ബി സൂപ്പർവൈസർ നൽകിയ എസ്റ്റിമേറ്റ്.

മെറ്റീരിയൽ കോസ്റ്റ് : 35739

ലേബർ ചാർജ്: 39153

സ്റ്റോറേജ് ഇനത്തിൽ: 5559

മേൽനോട്ട ചാർജ് : 3916

ടാക്സ് 18%: 15006

എ.ബി,സി (കേബിൾ ചാർജ്): 60500

എന്നിവയടക്കം 1,65,588 രൂപ.

കഴിഞ്ഞ ഫെബ്രുവരി എട്ടിലെ കെ.എസ്.ഇ.ബിയുടെ പുതിയ റിവിഷൻ പ്രകാരം സിംഗിൾഫേസ് കണക്ഷൻ രണ്ട് പോസ്റ്റിന് 24145 രൂപയാണ്. കൂടാതെ ഓരോ മീറ്ററിനും 88 രൂപവച്ച് അടയ്ക്കണം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ എ.ബി.സി വയറിനു പകരം കമ്പിവലിച്ച് വൈദ്യുതി നൽകാൻ ആവശ്യപ്പെട്ടാൽ അവർക്ക് അങ്ങനെ കണക്ഷൻ നൽകും. അപ്പോൾ തുക നേർപകുതിയാകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 200 മീറ്ററിൽ താഴെയാണെങ്കിൽ കണക്ഷൻ സൗജന്യമാണ്.

അസിസ്റ്റന്റ് എൻജിനിയർ,

കെ.എസ്.ഇ.ബി, ചോറ്റാനിക്കര