പെരുമ്പാവൂർ: ലോക വനദിനത്തിൽ സ്കൂൾ വളപ്പിൽ ഒരു കാടു വളർത്തിയെടുക്കാനായതിന്റെ

സന്തോഷത്തിലാണ് തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അനുവദിച്ച വിദ്യാവനം

നിർമ്മിച്ച് നൽകിയത്

കേരള സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷനാണ്.
ഇതിലേക്കായി മാനേജർ പി.എ. മുക്തറിന്റെ താത്പര്യ പ്രകാരം തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി അഞ്ച് സെന്റ് സ്ഥലം വാങ്ങി നൽകി. 2022 നവംബറിൽ 75 ഇനങ്ങളിൽപ്പെട്ട 160 മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. അപൂർവവൃക്ഷത്തൈകളും ഔഷധ വൃക്ഷങ്ങളും മറ്റും ഈ ചെറുവനത്തിലുണ്ട്. കടുത്ത വേനൽ ആയതിനാൽ ചെറിയതോതിൽ വെള്ളം നനയ്ക്കേണ്ടതുണ്ട്.

ഇന്ന് ഒന്നര വർഷം കൊണ്ട് വനം ഒരു ആവാസവ്യവസ്ഥയായി രൂപപ്പെട്ടുകഴിഞ്ഞു. പക്ഷികൾക്കും ഇരിപ്പിടമായും വനം മാറി. ഫോറസ്ട്രി ക്ലബ് കൺവീനർ കെ.എ. നൗഷാദിന്റെ നേതൃത്വത്തിലാണ് വനപരിപാലനം.വിദ്യാവനം പഠനപ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണന്ന് ഹെഡ്മിസ്ട്രസ് വി.എം. മിനിമോൾ പറഞ്ഞു .