
കിഴക്കമ്പലം: "നോട്ടയ്ക്ക് ഓരോട്ട് " ക്യാമ്പയിനുമായി നെല്ലാട് കിഴക്കമ്പലം റോഡ് കൂട്ടായ്മ രംഗത്ത്. ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും നെല്ലാട് കിഴക്കമ്പലം റോഡു വഴിയുള്ള ദുരിത യാത്രയിൽ മനം നൊന്താണ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണ തീരുമാനം.
ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും റോഡിന്റെ ഇന്നത്തെ സ്ഥിതി ദയനീയമാണ്. റോഡിനായി രൂപീകരിച്ച നെല്ലാട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി ഒടുവിൽ റോഡ് കോടതി കയറിയിട്ടും റോഡിന്റെ സ്ഥിതി മാറിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ വരെ നിർണയിച്ച റോഡാണിത്. റോഡ് പുനർനിർമ്മാണത്തിനടക്കം പ്രഖ്യാപനങ്ങൾ ഒരുപാട് വന്നു. എന്നാൽ പണി മാത്രം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് നോട്ടയ്ക്ക് ഒരോട്ട് ക്യാമ്പയിന് തുടക്കം കുറിക്കുന്നതെന്ന് സമരസമിതി കൺവീനർ ബിജു മഠത്തിപറമ്പിൽ പറഞ്ഞു.
ആറ് വർഷം കൊണ്ട് റോഡിന് അനുവദിച്ചത് 50 കോടിയോളമാണ്. എന്നാൽ റോഡിലെ കുഴികൾക്ക് യാതോരു കുറവുമില്ല. ചൂടിന്റെ കാഠിന്യമേറിയതോടെ പൊടിശല്ല്യവും രൂക്ഷമായി. റോഡിൽ പ്രതിദിനം പത്തിലധികം അപകടങ്ങളാണുണ്ടാകുന്നത്.
 ഫണ്ട് വന്നു, റോഡില്ല
ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തീകരിക്കുന്നതിന് 10.45 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ട് നാല് മാസം കഴിഞ്ഞു. പണി മാത്രം തുടങ്ങിയില്ല.
കിഫ്ബി വഴി റോഡ് നിർമ്മാണത്തിനായി 32.6 കോടി രൂപയാണ് 2018 ൽ വകയിരുത്തിയത്. പദ്ധതിയുടെ ഭാഗമായി മനക്കക്കടവ് പള്ളിക്കര, പട്ടിമറ്റം പത്താംമൈൽ റോഡുകളുടെ പണി പൂർത്തിയാക്കി കിഴക്കമ്പലം നെല്ലാട് റോഡ് പണി കരാറുകാരൻ ഉപേക്ഷിച്ചു.
വീണ്ടും പത്ത് കോടി റോഡ് അറ്റകുറ്റപ്പണിക്കായി കിഫ്ബി അനുവദിച്ചു.
പുറമെ പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റം വരെ 1.10 കോടിയും അറ്റകുറ്റപണിക്ക് അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല.
വീണ്ടും 1.59 കോടി കൂടി അനുവദിച്ചു. എന്നാൽ ആദ്യമാദ്യം അനുവദിച്ച തുക കൊണ്ട് പണി പൂർത്തിയായ ഭാഗം വീണ്ടും പഴയ പടിയായി.