മട്ടാഞ്ചേരി: വേനൽ ചൂടിൽ വലയുന്ന തീരദേശ കൊച്ചിക്കാരെ ദുരിതത്തിലാഴ്ത്തി കുടിവെള്ള ക്ഷാമം രൂക്ഷം. വേനൽ കനത്തുതുടങ്ങിയതോടെ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ആറ് ജല സംഭരണ ടാങ്കുകളും രണ്ടു ഭൂഗർഭജല സംഭരണികളും പ്രവർത്തന ക്ഷമമല്ലാത്തതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. മുൻ കാലങ്ങളിൽ ആലുവയിൽ നിന്നുമാണ് കുടിവെള്ളം തീരദേശ കൊച്ചിയിലെത്തിയിരുന്നത്. പിന്നീട് മൂവാറ്റുപുഴ പദ്ധതിയിൽ നിന്നു കൂടി കുടിവെള്ളം എത്തിയതോടെ ജലക്ഷാമം പൂർണമായും പരിഹരിക്കപ്പെടുമെന്ന വാഗ്ദാനം വെറും വാക്കായെന്ന് ജനകീയ സം ഘടനകൾ പറയുന്നു. മേഖലയിൽ രാവിലെയും വൈകിട്ടുമായാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഇത് ജല ലഭ്യത അനുസരിച്ച് വാട്ടർ അതോറിറ്റി നിയന്ത്രിക്കുകയും ചെയ്യും. ഇതോടെ പല മേഖലയിലും ജലക്ഷാമം രൂക്ഷമാകുകയാണ്. കൊച്ചി നഗരസഭ ജനസാന്ദ്ര മേഖലയായ 30 ഡിവിഷനുകളും, രണ്ടു പഞ്ചായത്തുകൾ,​ നാവിക സേന ക്വാർട്ടേഴ്സുകൾ എന്നിവയടങ്ങുന്ന മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. പ്രതിദിനം രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പമ്പിങ്ങിനിടെ മോട്ടോർ ഉപയോഗിച്ച് കുടിവെള്ളം അനധികൃതമായി ശേഖരിക്കുന്നതും ജലക്ഷാമത്തിനിടയാക്കുന്നു. അറ്റകുറ്റപ്പണികളുടെ പേരിൽ നടക്കുന്ന പമ്പിങ്ങ് നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു. പെരുമ്പടപ്പ് ഭാഗത്ത് പല ദിവസങ്ങളിലും കുടിവെള്ളം എത്താറില്ലെന്നാണ് വീട്ടമ്മമാർ പറയുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിൽ സമരം നടത്തിയിരുന്നു. മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളങ്ങി ഭാഗത്തും വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള ടാങ്കറിലാണ് ഈ ഭാഗങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്. പടിഞ്ഞാറൻ കൊച്ചിക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും സാമൂഹ്യ പ്രവർത്തകരായ വി.ഡി. മജീന്ദ്രൻ, ഷമീർ വളവത്ത് എന്നിവർ അറിയിച്ചു.

പ്രതിദിന കുടിവെള്ളം

ആവശ്യമുള്ളത്- 50 എം.എൽ.ഡിക്ക് മുകളിൽ

ലഭിക്കുന്നത് - 35 എം.എൽ.ഡിയിൽ താഴെ

പൈപ്പിലൂടെ വരുന്നത് കലക്കവെള്ളം

ഷീബ,​ പെരുമ്പടപ്പ് സ്വദേശി

ആശ്വാസം കാണുന്നത് ഇടക്കൊച്ചിയിൽ മിനിലോറിയിൽ വെള്ളം എത്തിച്ച്

കൗൺസിലർ അഭിലാഷ് തോപ്പിൽ