കൊച്ചി: കൊച്ചിൻ കോർപ്പറേഷൻ സൗത്ത് ഡിവിഷൻ സമ്പൂർണ വിശപ്പ് രഹിതമാകുന്നു. നഗരത്തിൽ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കും. ആഴ്ചകൾക്ക് മുമ്പ് ചെറിയ തോതിൽ ആരംഭിച്ച പദ്ധതി ബി.പി.സി.എല്ലിന്റെ സഹായത്തോടെ വിപുലീകരിക്കും. ആഹാരം വിതരണം ചെയ്യുന്നതിന് ബി.പി.സി.എൽ കിയോസ്കും ഭക്ഷണം നൽകാനുള്ള തുകയും നൽകാൻ തീരുമാനമായി. 35000 രൂപയാണ് കിയോസ്കിന് ലഭിക്കുക. ഇപ്പോൾ 20 പേർക്ക് സ്പോൺസർഷിപ്പാെയി ഉച്ചയ്ക്ക് പൊതിച്ചോർ നൽകുന്നുണ്ട്. ഇനി കുറഞ്ഞത് നൂറ് പേ‌ർക്കെങ്കിലും നൽകാനാണ് ലക്ഷ്യമെന്ന് കൗൺസിലർ പദ്മജ എസ്. മേനോൻ പറഞ്ഞു.

കിയോസ്കിൽ നിന്ന് വിതരണം ചെയ്യുന്നത് കൂടാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലുള്ളവർക്ക് ഭക്ഷണം എത്തിച്ച് നൽകും. ഇതിനായി വാൻ സൗകര്യം ഏർപ്പാടാക്കാമെന്ന് സ്വകാര്യ വ്യക്തി സമ്മതിച്ചിട്ടുണ്ട്. കിയോസ്ക് സ്ഥാപിക്കുന്നതിന് എറണാകുളം ഗേൾസ് സ്കൂളിന് സമീപമുള്ള സ്ഥലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.ആർ.എല്ലിനെ സമീപിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാകുന്നതോടെ നഗരത്തിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥ ആർക്കും ഉണ്ടാവില്ല. ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ച് പ്രാതൽ നൽകുന്ന പദ്ധതിയും പരിഗണനയിലാണെന്നും കൗൺസിലർ പറഞ്ഞു.

സൗജന്യ രക്ത പരിശോധന

നഗരത്തിലെ നിർദ്ധനരായവർക്ക് സൗജന്യ രക്തപരിശോധന നടത്തുന്ന പദ്ധതിയും പരിഗണനയിലാണ്. ആഴ്ചയിൽ രണ്ട് ദിവസം അർഹതപ്പെട്ടവർക്ക് രക്തപരിശോധന ലഭ്യമാക്കും. ഇതിന് ആശുപത്രികളുമായി സംസാരിച്ചിട്ടുണ്ട്. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി അവർക്ക് ഹീമോഗ്ലോബിൻ അടക്കം പരിശോധന നടത്തും.

കോർപ്പറേഷനിലെ ആദ്യ വിശപ്പ് രഹിത ഡിവിഷനായി സൗത്ത് ഡിവിഷൻ മാറും. ആരും വിശപ്പ് സഹിച്ച് കിടക്കുന്ന അവസ്ഥാ ഉണ്ടാവരുത്. നിലവിൽ നിരവധി ആളുകൾ ഭക്ഷണം നൽകാൻ തയ്യാറായി എത്തുന്നുണ്ട്.

പദ്മജ എസ്. മേനോൻ

കൗൺസിലർ