മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്നലെ ബൈസൺവാലി, അടിമാലി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഗോത്രവർഗ ജനവിഭാഗം തിങ്ങിപ്പാർക്കുന്ന ഊരുകൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം.
ബൈസൺവാലിയിലെ ചൊക്രമുടി, കോമാളിക്കുടി എന്നിവിടങ്ങളിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് അടിമാലി പഞ്ചായത്തിലെ കൊരങ്ങാട്ടിക്കുടി, പ്ലാമല, കടകല്ല്കുടി എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ കാത്തുനിന്നത്. കുടികളിലെ വന്യമൃഗശല്യം, കുടിവെള്ള പ്രശ്നം, റോഡ് വികസനം തുടങ്ങിയ കാര്യങ്ങളിൽ ഇടപെടണമെന്ന് ഊരുമൂപ്പൻമാർ സ്ഥാനാർത്ഥിയോട് ആവശ്യപ്പെട്ടു. മുമ്പത്തെപ്പോലെ തന്നെ റോഡ് നിർമ്മാണത്തിന് പ്രത്യേക പരിഗണന നൽകുമെന്നും വന്യജീവി ആക്രമണം തടയാൻ പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്നും ജനങ്ങളൊപ്പമുണ്ടായാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും ജോയ്സ് ജോർജ് പറഞ്ഞു. കുടികളിലെ സന്ദർശനശേഷം അടിമാലിയിൽ റോഡ് ഷോയിലും ജോയ്സ് ജോർജ് പങ്കെടുത്തു.
പീരുമേട് പ്രചാരണം നടത്തി ഡീൻ കുര്യാക്കോസ്
പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ പ്രചാരണം നടത്തിയത്. രാവിലെ 8 ന് അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ നിന്ന് പ്രചാരണ പരിപാടികൾക്ക് ഡീൻ തുടക്കമിട്ടു. മേരികുളം, മാട്ടുക്കട്ട, പരപ്പ് എന്നിവിടങ്ങളിലെ കടകളും ആരാധനാലയങ്ങൾസന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. വിദ്യാലയങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ചെന്ന് വോട്ട് അഭ്യർത്ഥിക്കാനും ഡീൻ സമയം കണ്ടെത്തി. ഉച്ചയ്ക്ക് ഉപ്പുതറ ടൗണിൽ എത്തിയ ഡീൻ കുര്യാക്കോസിനെ തൊഴിലാളികളും വിദ്യാർത്ഥികളും ഹരിത കർമ്മ സേനാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. വൈകിട്ട് വാഗമൺ ടൗണിൽ വോട്ടർമാരെ കണ്ടു. അതിനുശേഷം യു.ഡി.എഫ് വാഗമൺ മണ്ഡലം കൺവെൻഷനിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു. ഏലപ്പാറയിൽ പള്ളികളിലും അമ്പലങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. പെരുവന്താനത്തെ വിവിധ പള്ളികളിൽ നോമ്പ് മുറിക്കൽ ചടങ്ങുകളിൽ പങ്കെടുത്തശേഷമാണ് ഡീൻ കുര്യാക്കോസ് പര്യടനം അവസാനിപ്പിച്ചത്.