 
കൊച്ചി: ചാലക്കുടിയിലെ എൽ.ഡി.എഫിലെ പ്രൊഫ.സി. രവീന്ദ്രനാഥും എൻ.ഡി.എയിലെ കെ.എ. ഉണ്ണികൃഷ്ണനും കൊടുങ്ങല്ലൂരിലും യു.ഡി.എഫിലെ ബെന്നി ബഹനാൻ പെരുമ്പാവൂർ, കുന്നത്തുനാട് മേഖലകളിലാണ് ഇന്നലെ പര്യടനം നടത്തിയത്.
സ്ഥാപനങ്ങൾ തോറും വോട്ട് തേടി
കൊടുങ്ങല്ലൂർ, മാള ഭാഗങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ സി. രവീന്ദ്രനാഥ് പര്യടനം നടത്തി. കോട്ടപ്പുറം ചന്തയിൽ കച്ചവടക്കാരെയും നാട്ടുകാരെയും കണ്ടു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ അരമനയിൽ സന്ദർശിച്ചു. കെ.കെ.ടി.എം കോളേജ്, മാള ഗവ. ഐ.ടി.ഐ എന്നിവയും സന്ദർശിച്ചു. കാഴ്ച്ചപരിമിതിയെ അതിജീവിച്ച് വിജയം കൈവരിച്ച കെ.കെ.ടി.എം കോളേജിലെ ഹിസ്റ്ററി അദ്ധ്യാപകൻ ജി. ഹരികൃഷ്ണനെ അദ്ദേഹം അനുമോദിച്ചു.
കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, മാള കുറുവിലശേരി, കോട്ടക്കൽ, അന്നമനട ടൗൺ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്, കുഴൂർ, പൊയ്യ പഞ്ചായത്ത് ബൂത്ത് എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചു.
വി.ആർ സുനിൽകുമാർ എം.എൽ.എ, കൊടുങ്ങല്ലൂർ നഗരസഭ അദ്ധ്യക്ഷ ടി.കെ ഗീത, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ്, തുടങ്ങിയവർ നേതൃത്വം നൽകി
സജീവമായി സന്ദർശനങ്ങൾ
കുറുപ്പംപടിയിൽ നിന്നാണ് ബെന്നി ബഹനാൻ പ്രചാരണം ആരംഭിച്ചത്. കീഴില്ലം യു.പി. സ്‌കൂൾ, കുറുപ്പംപടിയിലെ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചു. പെരുമ്പാവൂർ എസ്.സി.എം.എസ് കോളേജിലുമെത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഒപ്പമുണ്ടായിരുന്നു. സെന്റ് കുര്യാക്കോസ് കോളേജിൽ അദ്ധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.
മീമ്പാറയിൽ നിന്നാണ് ഉച്ചയ്ക്ക് ശേഷം പര്യടനം ആരംഭിച്ചത്. ഓടക്കാലി, അശമന്നൂർ, വേങ്ങൂർ എന്നിവിടങ്ങളിലെ മഠങ്ങളും സ്‌കൂളുകളും സന്ദർശിച്ചു. പെരുമ്പാവൂർ, അന്നമനട, പാറക്കടവ്, കുന്നത്തുനാട്, കിഴക്കമ്പലം എന്നിവിടങ്ങളിലെ കവലകളിലുമെത്തി. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു.
വികസനത്തിന് വോട്ട്
വികസന തുടർച്ചയ്ക്ക് ഒരു വോട്ട് എന്ന ആശയവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ പുത്തൻചിറയിൽ പ്രചരണം ആരംഭിച്ചത്, വെസ്റ്റ് കൊരട്ടി, അന്നമനട, പാലിശ്ശേരി, പുവത്തുശേരി, വെണ്ണപാടം കോളനി, പാറപ്പുറം, കൂഴൂർ, എരവത്തൂർ, കൊച്ചുകടവ് കോളനി, കുണ്ടൂർ, മുരിക്കാട്, മണമ്മൽ തറവാട് ,വെള്ളാങ്കല്ലൂർ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബി.ജെ.പി മാള മണ്ഡലം പ്രസിഡന്റ് കെ.എസ് അനൂപ്, വിനോദ് കൊടുങ്ങല്ലൂർ, ജോസഫ് പടനാടൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.